nia-raid

ചെന്നൈ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡിൽ 65ൽ അധികം മലയാളികൾ നിരീക്ഷണത്തിൽ. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന മലയാളികളാണ് എൻ.ഐ.എയുടെ നിരീക്ഷത്തിലുള്ളത്. സഹ്രാൻ ഹാഷ്‌മിന്റെ വീഡിയോകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മലയാളികൾ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങൾ എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ഇതിന്റെ വീഡിയോ തെളിവുകൾ എൻ.ഐ.എ സംഘം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന സഹ്രാൻ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡിൽ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂർ, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്യുകയാണ്.

അതേസമയം, കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തിരുവള്ളൂർ പൂനമല്ലിയിൽ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റോഷൻ ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്.

ദേശീയ അന്വേഷണ ഏജൻസിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂർ കാരയ്ക്കൽ അടക്കം എസ്.ഡ‍ി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിൽ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്‌ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പടെ സ്‌ഫോടന പരമ്പര നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എയ്‌ക്ക് വിവരം ലഭിച്ചിരുന്നു.