1. വിവിപാറ്റ് മെഷീനുകളില്‍ 50 ശതമാനം എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദം കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തം ആയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇതേ ആവശ്യം കോടതി തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലേയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകള്‍ എണ്ണിയാല്‍ മതി എന്ന നിരീക്ഷണത്തോടെ ആയിരുന്നു സുപ്രീംകോടതി നടപടി
2. എന്നാല്‍ ആന്ധ്രാപ്രദേശില്‍ അടക്കം വ്യാപകമായി ഇലക്രേ്ടാണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നു എന്നും അതിനാല്‍ ഉത്തരവ് പുനപരിശോധിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കോടതിയെ സമീപിക്കുക ആയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ലോക്സഭാ ഫലപ്രഖ്യാപനം നീണ്ടുപോകും
3. ജലന്തര്‍ രൂപത വൈദികന്‍ ആന്റണി മാടശേരിയില്‍ നിന്ന് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത ആറുകോടിയില്‍ 2.38 കോടി പിടിച്ച് എടുത്തു. പണവുമായി കടന്ന രണ്ട് എ.എസ്.ഐമാരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചന പ്രകാരം അഞ്ചു പേരില്‍ നിന്നാണ് പണം പിടിച്ച് എടുത്തത്. കൊച്ചിയില്‍ പിടിയില്‍ ആയ പൊലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പൊലീസിന് ഇന്ന് കൈമാറും.
4. തട്ടി എടുത്ത പണത്തില്‍ ഏറിയപങ്കും അമേരിക്കയില്‍ ഉള്ള കാമുകിക്ക് അയച്ചു കൊടുത്തു എന്നാണ് അറസ്റ്റിലായ പൊലീസിന്റെ മൊഴി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനില്‍ നിന്ന് പിടിച്ച് എടുത്ത പതിനാറരക്കോടി രൂപയില്‍ ആറുകോടി 65,000 രൂപ പൊലീസുകാര്‍ തട്ടി എടുത്തെന്ന് വൈദികന്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പഞ്ചാബ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചതോടെ ഒളിവില്‍ പോയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഇവരുടെ കൂട്ടാളി സുരീന്ദര്‍ സിംഗ് ജലന്തറില്‍ അറസ്റ്റിലായി.
5. അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആണ് ചുഴലിക്കാറ്റ് വീശുന്നത്. അതിശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷം. ഫോനി നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്ത നിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരക്കും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്
6. ഒഡീഷയില്‍ നിന്ന് അപകട സാധ്യത മുന്നില്‍ കണ്ട് ഒഴിപ്പിച്ചത് 10 ലക്ഷത്തില്‍ അധികം ആളുകളെ. സംസ്ഥാനത്ത് 900 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 10,000ത്തോളം ഗ്രാമങ്ങളും 50-ല്‍ അധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയില്‍ ഉള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. നാളെ വൈകിട്ട് ആറ് മണിവരെ കൊല്‍ക്കത്ത വിമാന താവളം അടച്ചിടും. ഒഡീഷാ തീരത്തുകൂടി പോകുന്ന 200-ല്‍ അധികം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
7. ഒഡീഷയിലെ ഗഞ്ജം, ഖുദ്ര, ഗജപതി, ജാജ്പൂര്‍, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്ക്- പടിഞ്ഞാറ് മേദിനിപുര്‍, ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം, വിജയ നഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിക്കും എന്ന് വിലയിരുത്തല്‍. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കി. 90-100 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 1994ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തി ഏറിയ ചുഴലിക്കാറ്റ് ആണ് ഫോനി.
8. മുന്‍ ധനകാര്യമന്ത്രിയും. മുന്‍ എം.പിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93-ാം വയസിലെ വിയോഗം, വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോന്‍ ജനിച്ചത്. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബയ് ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകന്‍ ആയിരുന്നു.
9. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. രണ്ട് തവണ പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം അഞ്ച് സംസ്ഥാന ബഡ്ജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബഡ്ജറ്റ് പ്രസംഗം എന്ന ഏറെക്കാലം വിശ്വനാഥമേനോന്റെ പേരില്‍ ആയിരുന്നു. നഗരസഭാ കൗണ്‍സിലര്‍, എം.പി, എം.എല്‍.എ, മന്ത്രി തുടങ്ങി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒട്ടേറെ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് പില്‍ക്കാലത്ത് അദ്ദേഹം കുറച്ചു കാലം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു. ആത്മകഥയായ കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍, ഗാന്ധിയുടെ പീഡാനുഭവങ്ങള്‍, മറുവാക്ക് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
10. ലൈസന്‍സില്ലാത്തെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരായ നടപടി ഉടനില്ല. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് മുന്‍പ് സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാനത്ത് ആകെ 266 ട്രാവല്‍ ഏജന്‍സികള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. മൂന്ന് ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കി ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടും എന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാല്‍ നോട്ടീസ് നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും പലരും മറുപടി പോലും നല്‍കിയില്ല. ഇതോടെ ആണ് ഗതാഗതമന്ത്രി യോഗം വിളിച്ചത്.