ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ പി.എം നരേന്ദ്രമോദി മേയ് 24 തീയേറ്ററുകളിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നതെന്ന് ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
ഒരു വ്യക്തിയെ പ്രകീർത്തിക്കുന്ന സിനിമയാണ് പി.എം മോദി എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ലെന്നും നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ ശരിയാണെന്ന് കണ്ടെത്തിയ കോടതി കേസിൽ ഇടപെടാൻ താൽപര്യം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ഏപ്രിൽ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിർമാതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെയാണ് റിലീസിംഗിനെ സംബന്ധിച്ച പ്രശ്നങ്ങൾ ആരംഭിച്ചത്.
ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരബ്‌ജിത്ത്, മേരികോം തുടങ്ങിയ ഹിറ്ര് ചിത്രങ്ങളുടെ സംവിധായകൻ ഒമംഗ് കുമാറാണ് പി.എം നരേന്ദ്രമോദി എന്ന ചിത്രം അണിയിച്ചൊരുക്കിയത്. വിവേക് ഒബ്രോയിയുടെ അച്ഛൻ സുരേഷ് ഒബ്രോയിയും, സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.