parvathy-mohanlal

മലയാള സിനിമയ്‌ക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് പാർവതി. 1986ൽ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ ഈ അഭിനയത്രിക്കു കഴിഞ്ഞു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,​ തൂവാനത്തുമ്പികൾ,​ പൊന്മുട്ടയിടുന്ന താറാവ്,​ കിരീടം,​ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,​ വടക്കു നോക്കിയന്ത്രം,​ കമലദളം തുടങ്ങി എത്രയോ സിനിമകളിലൂടെ ഇന്നും പാർവതി മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഇന്നത്തെ സൂപ്പർ മെഗാ താരങ്ങൾക്കൊപ്പമാണ് ഒരുകാലത്ത് പാർവതി ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്‌തിരുന്നത്. എന്നാൽ ഒപ്പം അഭിനയിച്ചതിൽ ഏറെ വിസ്‌മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പാർവതിക്കുള്ളൂ- മോഹൻലാൽ. 'അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തിൽ. മോഹൻലാൽ. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്. മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കൊണ്ട്. അെന്നാക്കെ ഒരു മാസത്തിൽ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാൻ ചോദിക്കും, ''മമ്മുക്കാ.ബോറടിക്കുന്നില്ലേ?'' മമ്മൂക്ക പറയൂം, ''ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മൾ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല.'- പാർവതി പറയുന്നു.


ഇപ്പോഴുള്ള പലസിനിമകളും താൻ കാണാറുണ്ടെന്ന് പാർവതി വ്യക്തമാക്കി. 'ഞാൻ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാൽ മതിയല്ലോ. പക്ഷേ വേഷപ്പകർച്ച എന്നൊന്നില്ലേ? അതും വേണ്ടേ? വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കൻ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരിൽ ആർക്കു പറ്റും?'. എന്നാൽ പുതിയ നടന്മാരിൽ പ്രതീക്ഷയില്ലെന്നല്ല. അവർക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങൾ ഫഹദിനേ ചെയ്യാൻ പറ്റൂ. എന്തൊരു നാച്ചുറൽ ആണ്. ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂർ സിനിമ കൊണ്ടുപോവാൻ'.

ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതി മനസു തുറന്നത്.