ആലുവ: കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അറിയിക്കാൻ ആലുവ പൊലീസ് ആരംഭിച്ച 'ഹിഡൻ ഐസ്' എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് മേലുദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് പിരിച്ചുവിട്ടു. ഗ്രൂപ്പുകൾ രൂപീകരിച്ച് മൂന്നാം നാളിലാണ് പിരിച്ചുവിട്ടത്. നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, വ്യാപാരികൾ, സ്‌കൂൾ കോളേജ് പ്രധാന അദ്ധ്യാപകർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കുകൾ, ആശുപത്രികൾ, സ്വകാര്യ ബസ് ജീവനക്കാർ, ആലുവയിൽ ജോലികൾ ചെയ്യുന്ന വിവിധ ജീവനക്കാർ, ഹോട്ടൽ ലോഡ്ജ് ഉടമകൾ, മുതിർന്ന പൗരന്മാർ, ആന്റി നാർക്കോട്ടിക്സ് ക്ലബ് ഭാരവാഹികൾ, തട്ടുകടക്കാർ, രാത്രി കച്ചവടക്കാർ, ബ്യൂട്ടിപാർലർ ഉടമകൾ തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവർക്കായി ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയ സി.ഐ അഡ്മിനായി വെവ്വേറെ ഗ്രൂപ്പുകളാണ് തയ്യാറാക്കിയത്.
ഇതുസംബന്ധിച്ച് മാദ്ധ്യമ വാർത്തകൾ വതോടെയാണ് മേലുദ്യോഗസ്ഥർ പൂട്ടിട്ടത്. ഇത്തരം കൂട്ടായ്മകൾ ആരംഭിക്കുന്നതിന് മേലുദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണത്രേ നടപടി. അതേസമയം, ചില സാങ്കേതിക കാരണങ്ങളാലാണ് ഗ്രൂപ്പുകൾ പിരിച്ചുവിട്ടതെന്നും അതിന് പരിഹാരം കണ്ടശേഷം ഗ്രൂപ്പുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് ആലുവ സി.ഐ പറയുന്നത്.
കൃത്യമായ നിബന്ധനകളോടെയാണ് ഗ്രൂപ്പുകൾ രൂപീകരിച്ചത്. നിയമാവലി തയാറാക്കി കൃത്യമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ആശംസകൾ, മതം, രാഷ്ട്രീയം, വ്യക്തിഹത്യ എന്നീ രീതികളിലുള്ള പോസ്റ്റുകൾക്ക് ഗ്രൂപ്പിൽ നിരോധനമുണ്ടായിരുന്നു. 24 മണിക്കൂറും ഗ്രൂപ്പ് സജീവമായിരിക്കും. കുറ്റകൃത്യങ്ങളോ മറ്റ് വിവരങ്ങളോ മെസേജുകളായി ലഭിച്ചാൽ അവ പരിഹരിക്കുന്നതിനും ഇടപെടുന്നതിനുമായി സി.ഐ യുടെ നേതൃത്വത്തിൽ പട്രോളിംഗ് ടീമിനെയും പ്രത്യേകം സജ്ജമാക്കിയിരുന്നു. 'ഹിഡൻ ഐസ്' വാട്ട്സ് ആപ്പ് നമ്പറായി പുതിയ ഫോൺ നമ്പറും എടുത്തിരുന്നു. ഗ്രൂപ്പുകളിൽ അംഗമല്ലാത്ത പൊതുജനങ്ങൾക്കും ഈ സംവിധാനം ഉപയോഗിക്കാനായി ഈ നമ്പർ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.