ആരോഗ്യത്തോടെയിരിക്കാൻ നല്ല ആഹാരവും വ്യായാമവും ഇടയ്ക്കിടെ പരിശോധനകളും മാത്രം പോരാ. കാരണം ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിൽ മാനസികാരോഗ്യത്തിനുള്ള വലിയ പങ്കുണ്ട്. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ ശാരീരിക ആരോഗ്യം മോശമായിരിക്കും. പ്രശ്നങ്ങളെ നേരിടാൻ മനക്കരുത്തുള്ളവരുടെ ശരീരം ആരോഗ്യമുള്ളതായിരിക്കും.
ദേഷ്യം നിയന്ത്രിക്കുക പരമപ്രധാനം. യോഗ, മെഡിറ്റേഷൻ എന്നിവ ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും. ധ്യാനവും പ്രാർത്ഥനയും നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആരോഗ്യവാനായ മനുഷ്യനെ ഉയിർത്തെഴുന്നേൽപ്പിക്കും. സംഗീതം, യാത്രകൾ എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തും. പ്രശ്നങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുക. ഒപ്പം അവരുടെ പ്രശ്നങ്ങൾ കേൾക്കുക, ആശ്വാസം പകരുക. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസുണ്ടാക്കിയെടുക്കുക. ഒഴിവുസമയം ഹോബികൾക്കായി നീക്കി വയ്ക്കാം. ദേഷ്യപ്പെടുന്നതും അത് മനസിൽ സൂക്ഷിക്കുന്നതും മാനസികനിലയെ ദോഷകരമായി ബാധിക്കും. ചിലതരം ഭക്ഷണം കഴിയ്ക്കുന്നത് വികാരവിക്ഷോഭങ്ങൾ ഉണ്ടാക്കുമെന്ന് ആയുർവേദം പറയുന്നു. അമിതമായ മാംസാഹാരം, കൃത്രിമ പാനീയങ്ങൾ, അമിത എരിവ് , മസാല, പുളി എന്നിവ ദേഷ്യം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധപക്ഷം.