deepa-nishanth

തൃശൂർ : ദീപ നിശാന്ത് ഉൾപ്പെട്ട കവിതാ മോഷണവിദാദം കേരളത്തിൽ കെട്ടടിങ്ങയപ്പോൾ കോളേജിന് യു.ജി.സിയുടെ നോട്ടീസ്. യുവകവിയായ കലേഷിന്റെ കവിത സ്വന്തം പേരിൽ കോളേജ് അദ്ധ്യാപകരുടെ സർവീസ് മാസികയിൽ പ്രസിദ്ധീകരണത്തിന് നൽകിയ സംഭവത്തിലാണ് യു.ജി.സി ഇടപെടുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് കേരളവർമ്മ കോളേജ് പ്രിൻസിപ്പാളിനാണ് അയച്ചിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം തേടിയാണ് യു.ജി.സി നോട്ടീസയച്ചിരിക്കുന്നത്.

കവിതാവിവാദവുമായി ബന്ധപ്പെട്ട സംഭവം എന്താണെന്ന് വ്യക്തമാക്കണമെന്നും, മോഷണകുറ്റത്തിൽ കോളേജ് മാനേജ്‌മെന്റ് എന്ത് നിലപാടാണ് സ്വീകരിച്ചതെന്നുമാണ് യു.ജി.സി നോട്ടീസിൽ ചോദിച്ചിരിക്കുന്നത്. ഇതേ വിഷയത്തിൽ കോളേജ് തലത്തിൽ എന്തന്വേഷണമാണ് നടന്നതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ചോദിച്ചിട്ടുണ്ട്. ദീപനിശാന്ത് ഉൾപ്പെട്ട കവിത മോഷണത്തിൽ യു.ജി.സിക്ക് ലഭിച്ച പരാതിയിൽ നിന്നുമാണ് തുടർ നടപടികൾ ഉണ്ടായിരിക്കുന്നത്.

യുവകവി കലേഷിന്റെ കവിത മോഷ്ടിച്ച് എ.കെ.പി.സി.ടി.എയുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ആദ്യം തന്റെ പ്രവർത്തിയെ ന്യായീകരിക്കാനാണ് ദീപ നിശാന്ത് ശ്രമിച്ചത്. എന്നാൽ വിവാദം കനത്തതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. സംഭവത്തിൽ കോളേജ് മാനേജ്‌മെന്റ് വിശദീകരണം തേടുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കോപ്പിയടി വിവാദത്തിന് ശേഷം ആലപ്പുഴയിൽ നടന്ന കലോത്സവത്തിലെ ഉപന്യാസ മത്സരത്തിൽ ദീപ നിശാന്തിനെ വിധികർത്താവാക്കിയ സർക്കാർ നടപടിയും വിവാദമായിരുന്നു. ഇടത് പക്ഷ സഹയാത്രികയായ ദീപ നിശാന്തിന്റെ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ച് കൊണ്ടുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.