premachandran

കൊല്ലം: 'ഞങ്ങൾ പണ്ടുമുലേ കുടുംബത്തോടെ എൽ.ഡി.എഫിന് വോട്ട് ചെയ്ത് പാരമ്പര്യമുള്ളവരാണ്'. പൊലീസ് ഫോറത്തിൽ ഒരു കോൺസ്റ്റബിൾ തള്ളിയ തള്ള് ചൂണ്ടുവിരലിലെ മഷി മാഞ്ഞുതുടങ്ങിയിട്ടും മായാത്ത ചിരിക്ക് വകയായി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ ഇക്കുറിയും പതിവുപോലെ തപാൽ വോട്ടുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു പൊലീസ് അസോസിയേഷന്റെ ഭാരവാഹിത്വത്തിലുള്ള കടുത്ത സി.പി.എം പക്ഷക്കാരായ ചില പൊലീസുകാർ.

വിചാരിക്കാത്തവർ പോലും തപാൽ വോട്ട് നൽകിയതിന്റെ ആവേശത്തിലിരിക്കെ പ്രതീക്ഷിച്ച ഒരു വോട്ട് വരാൻ അൽപ്പം വൈകി. ദൂതനെ വിട്ട് അന്വേഷിച്ചപ്പോൾ, ഭാരവാഹികളുടെ കൈവശം കൊടുക്കുന്നതിനായി മറ്റാരെയോ ഏൽപ്പിച്ചെന്ന മറുപടി കിട്ടി. സംശയം ലവലേശം തോന്നിയില്ല. കാരണം ഒടുവിൽ ആ തപാൽ വോട്ട് തങ്ങളുടെ പക്കൽ എത്തുമല്ലോയെന്ന് അസാേസിയേഷൻ ഭാരവാഹികൾ ആശ്വാസം കൊണ്ടു. അപ്പോഴാണ് ദൂതൻ കൂടുതൽ വിവരങ്ങളുമായെത്തിയത്. ഉറപ്പിച്ച ആ തപാൽ ഏൽപ്പിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ പാർട്ടിക്ക് കുടുംബത്തോടെ വോട്ട് ചെയ്യുന്ന ഒരു പൊലീസുകാരന്റെ പക്കലാണെന്നായിരുന്നു ആ വിവരം.

അങ്ങനെ ആ പൊലീസുകാരെന പാർട്ടി സഹയാത്രികരായ പൊലീസുകാർ ഉടൻ വിളിപ്പിച്ചു. വിരുദ്ധ രാഷ്ട്രീയ നിലപാടുള്ള പൊലീസുകാരനെ തപാൽ ഏൽപ്പിച്ചതിന് വിശദീകരണം ആരാഞ്ഞു. പൊലീസുകാരൻ വിശദീകരണം തുടങ്ങി. 'ഞങ്ങൾ കുടുംബപരമായി ഇടതാണ്. കഴിഞ്ഞ തവണയും ഇക്കുറിയും വോട്ട് പ്രേമചന്ദ്രനാണ്', വേണമെങ്കിൽ വി.വി പാറ്റിനെ ആശ്രയിക്കാമെന്ന് വരെയായി പൊലീസുകാരൻ. പ്രേമചന്ദ്രൻ ഏത് പാർട്ടിയുടെ സ്ഥാനാർത്ഥിയെന്ന് അറിയമോ..? ഉടൻ ചോദ്യമുയർന്നു. 'അറിയാം എൽ.ഡി.എഫ്'. അപ്പോൾ പിന്നെ ബാലഗോപാലോ? 'കമ്മ്യൂണിസ്റ്റ് '. ഒരു സിനിമയിൽ മാമ്മുക്കോയയെ ചോദ്യം ചെയ്ത് വശംകെടുന്ന പൊലീസ് കഥാപാത്രമായ ചെമ്പൻ വിനോദിന്റെ അവസ്ഥയിലായി അസോസിയേഷൻ ഭാരവാഹികൾ.

2014ൽ പ്രേമചന്ദ്രൻ യു.ഡി.എഫിലെത്തിയ വിവരം 2019 ആയിട്ടും അറിഞ്ഞില്ലെന്ന് സമർത്ഥിക്കാനുള്ള പൊലീസുകാരന്റെ ശ്രമങ്ങൾ തുടരുകയാണ്. ഒന്നുകിൽ വീടിനടുത്ത് അല്ലെങ്കിൽ ഭാര്യയുടെ വീടിനടുത്ത് ജോലി ചെയ്ത് ഡ്യൂട്ടിക്കിടെ ഉച്ചഭക്ഷണം പോലും പുറത്തുനിന്ന് കഴിക്കേണ്ടി വരാതെ ഭരണാനുകൂല്യം പറ്റിയ പൊലീസുകാരൻ കേരളത്തിലെ മുന്നണി ബന്ധങ്ങൾ പഠിക്കാൻ തുടങ്ങിയെന്നാണ് ഒടുവിലത്തെ വിവരം. എന്നാൽ 2014ൽ നാട്ടിൽ ചിലർ ഇറക്കിയ നമ്പർ 2019ൽ വിലപ്പോവില്ലെന്നാണ് പൊലീസ് അസോസിയേഷനിലെ ഒരു ഭാരവാഹി പറഞ്ഞത്.