yogi

ലഖ്‌നൗ: പ്രസംഗവേദികളിൽ പോകുന്നത് ഭജന പാടാനല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിനെതിരെയാണ് യോഗിയുടെ പരാമർശം. പ്രസംഗവേദികളിൽ പോകുന്നത് ഭജന പാടാനല്ലെന്നും എതിർ പാർട്ടിക്കെതിരെ സംസാരിക്കാനും അവരെ തോൽപ്പിക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ജനങ്ങളുടെ മുൻപിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യം തുറന്നുകാണിക്കുക എന്നതാണു ഞങ്ങളുടെ പ്രവർത്തനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസാണോ സമാജ്‌വാദി പാർട്ടിയാണോ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നത് എന്നു ഞങ്ങൾ കാര്യമാക്കാറില്ല. അതിനു തിരിച്ചടിച്ചാൽ ഞങ്ങൾ ചെയ്തതു തെറ്റാണെന്ന് എന്തിനാണ് പറയുന്നത്?’- യോഗി ചോദിച്ചു.

അതേസമയം,​ യോഗി ആദിത്യനാഥിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മിഷൻ യോഗിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ബാബറിന്റെ പിൻഗാമി (ബാബർകി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗിക്ക് നോട്ടീസ് അയച്ചത്. പരാതിയിൽ 24 മണിക്കൂറിനുളളിൽ മറുപടി നൽകാനാണ് നിർദേശം. ഏപ്രിൽ 19ന് ഉത്തർപ്രദേശിലെ സാംബലിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദ പരാമർശം നടത്തിയത്.

മണ്ഡലത്തിലെ എസ്‌.പി സ്ഥാനാർത്ഥിയെ ഉദ്ദേശിച്ചായിരുന്നു പരാമർശം. വർഗീയ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 72 മണിക്കൂർ വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് മീററ്റിലെ റാലിയിൽ യോഗി ”അലി’, ”ബജ്രംഗ്ബലി’ പരാമർശങ്ങൾ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാൻ) തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേർതിരിവ് സൃഷ്ടിക്കുന്ന പരാമർശമാണെന്ന് ആക്ഷേപങ്ങൾ ഉയർന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും പിന്നാലെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.