hiv

ലണ്ടൻ: എച്ച്.ഐ.വി വൈറസ് പടരുന്നത് തടയാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുന്നത് തടയാൻ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്. വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഭാഗമായി യൂറോപ്പിലെ ഒരു കൂട്ടം ഡോക്ടർമാരാണ് മരുന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയകരമായെന്നും ഡോക്ടർമാർ വ്യക്തമാക്കി. വാർത്ത പുറത്ത് വന്നതോടെ ശുഭപ്രതീക്ഷയിലാണ് ശാസ്ത്രലോകം.

ലൈംഗിക ബന്ധത്തിലൂടെ മറ്റൊരാളിലേക്ക് എച്ച്.ഐ.വി വൈറസ് പകരുന്നത് തടയാൻ ആന്റി റെട്രോവൈറൽ എന്ന മരുന്നിന് സാധിക്കുമെന്നാണ് പഠനത്തിലൂടെ വ്യക്തമായത്. കോണ്ടം പോലുള്ള പ്രതിരോധ മാർഗങ്ങൾ ഇല്ലാതെ എച്ച്.ഐ.വി പോസറ്റീവ് വൈറസ് ബാധയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും രോഗം പടരില്ലെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചെന്നും ഗവേഷകർ പറയുന്നു. മരുന്ന് അംഗീകരിക്കപ്പെട്ടാൽ നിലവിൽ എച്ച്.ഐ.വി അണുബാധ ഉള്ളവരിൽ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കും എന്ന് തന്നെയാണ് ഗവേഷകർ പറയുന്നത്.

ഇതിനായി ആയിരം സ്വവർഗാനുരാഗികളായ പുരുഷൻമാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. എച്ച്.ഐ.വി ബാധിതനായ ഒരാളും രോഗബാധയില്ലാത്ത ഒരു പങ്കാളിയും എന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. എച്ച്.ഐ.വി ബാധിതർക്ക് കൃത്യമായി മരുന്നും ചികിത്സയുംനടത്തിയിരുന്നു. ഉറ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾക്ക് പോലും അണുബാധ ഉണ്ടായില്ലെന്ന് പഠനത്തിൽ വ്യക്തമായെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

അതേസമയം, എട്ട് വർഷത്തെ ഗവേഷണത്തിനിടയിൽ 15പേർക്ക് എച്ച്.ഐ.വി അണുബാധ ഉണ്ടായതെന്നും കണ്ടെത്തി. ചികിത്സയോ, മരുന്നോ ഉപയോഗിക്കാത്ത മറ്റ് പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് അണുബാധ ഉണ്ടാവാൻ കാരണമെന്ന് ഡി.എൻ.എ ടെസ്റ്റ‌ിൽ തെളിഞ്ഞതായി ശാസ്ത്ര‌ജ്ഞർ വ്യക്തമാക്കി.

കൃത്യമായി പരിശോധന നടത്തുന്നതിനൊപ്പം തന്നെ എച്ചഐവി ബാധിതരായ ആളുകൾക്ക് കരുതലും പ്രചോദനവും നൽകാനും എയ്ഡ്‌സ് രോഗത്തെ ലോകത്തു നിന്നു തന്നെ തുടച്ച് നീക്കാൻ കഴിയുമെന്ന ശക്തമായ സന്ദേശമാണ് പഠനമെന്ന് ഗവേഷകരിൽ ഒരാളായ പ്രൊഫസർ അലൈസൻ റോഡ്‌ജസ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ പരിശോധനയിൽ എച്ച്.ഐ.വി കണ്ടെത്താൻ സാധിക്കാത്തതിനാൽ പ്രതിരോധ മാർഗമെന്ന നിലയിൽ മരുന്ന് ഉപയോഗിക്കാമെന്നും അതിലൂടെ എയ്ഡ്സ് പടരുന്നത് തടയാമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

നേരത്തേ മജ്ജമാറ്റ‌ി‌ വച്ച് നടത്തിയ ചികിത്സയിലൂടെ ലണ്ടൻ സ്വദേശിയായ യുവാവ് പൂർണമായും എയ്ഡ്സ് രോഗത്തിൽ നിന്ന് മുക്തി നേടിയിരുന്നു. ഗുണപരമായ ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) വഴി ചില മനുഷ്യർക്ക് എച്ച്‌.ഐ.വി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങൾ (stem cells), എച്ച്‌.ഐ.വി പോസിറ്റീവായ വ്യക്തി മൂന്ന് വർഷം സ്വീകരിച്ചപ്പോഴാണ് അയാൾ വൈറസിൽ നിന്ന് മുക്തി നേടിയതെന്നാണ് റിപ്പോർട്ടുകൾ.

അതിനൊപ്പം, വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോൾ എച്ച്.ഐ.വി വൈറസിന്റെ സാന്നിദ്ധ്യം രോഗിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിരുന്നു. 'നിലവിൽ തിട്ടപ്പെടുത്താൻ കഴിയുന്ന ഒരു വൈറസിനെയും രോഗിയിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ സംഘത്തിലെ ഡോ.രവീന്ദ്ര ഗുപ്ത വ്യക്തമാക്കിയിരുന്നു. ഇരു സാദ്ധ്യതകളും മഹാവിപത്തിനെ മനുഷ്യന്റെ കൈയ്യിലൊതുക്കാമെന്ന ശുഭപ്രതീക്ഷയിലേക്കാണ് നയിക്കുന്നത്.