kummanam

തിരുവനന്തപുരം: ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി ദിനേന്ദ്രകശ്യപിന്റെ ഔദ്യോഗിക വാഹനത്തിൽ പയ്യന്നൂർ മഠത്തിലെ സ്വാമി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ സന്ദർശിക്കാനെത്തിയ സംഭവം വിവാദമായി. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഡി.ജി.പി ഉത്തരവിട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഹെഡ് ക്വാർട്ടേഴ്സ് ഐ.ജിയുടെ വീട്ടിലെത്തിയ പയ്യന്നൂർ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമിയാണ് ഐ.ജിയുടെ ഔദ്യോഗിക വാഹനത്തിലെത്തി കുമ്മനം രാജശേഖരനെ സന്ദർശിച്ചത്.

സ്‌പെയർ കാറിൽ സ്വാമിയെ റെയിൽവേ സ്റ്റേഷനിലേക്ക് വിടാനാണ് ഐ.ജി ഡ്രൈവറെ ചുമതലപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി കരമനയിലെത്തി കുമ്മനത്തെ കാണണമെന്ന് സ്വാമി ശഠിച്ചു. ഇതനുസരിച്ച് സ്വാമിയെ മേലുദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽ ഡ്രൈവർ കുമ്മനത്തിന്റെ വീടിന് മുന്നിലെത്തിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കുമ്മനത്തിന് ലഭിച്ച ഷാളുകളും പ്രചാരണത്തിനുപയോഗിച്ച മറ്റു വസ്തുക്കളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സ്വാമിയുടെ സന്ദർശനം. ചടങ്ങിനിടെ പത്ത് മിനിട്ടോളം കുമ്മനവുമായി കൂടിക്കാഴ്ച നടത്തിയശേഷം സ്വാമിയെ തിരികെ റെയിൽവേസ്റ്റേഷനിലെത്തിച്ചാണ് കാർ മടങ്ങിയത്.

വിവരമറിഞ്ഞ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരം അപ്പോൾ തന്നെ മേലുദ്യോഗസ്ഥർക്ക് വിവരം കൈമാറി. തുടർന്ന് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഐ.ജിയുടെ വാഹനത്തിലാണ് സ്വാമി എത്തിയതെന്ന് സ്ഥിരീകരിച്ചു.ഈ സമയത്ത് ഐ.ജി. ഒപ്പമുണ്ടായിരുന്നില്ലെന്നും അവർ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ഡി.ജി.പി നിർദേശിച്ചത്.