കൊല്ലം: ഛത്തിസ്ഗഡിലെ പൊതു വിതരണ ഫണ്ട് ക്രമക്കേടിൽ കോടികളുടെ അഴിമതി നടത്തിയ മലയാളി രേഖാ നായരെ കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഛത്തിസ്ഗഡ് ഡി.ജി.പി.യുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന രേഖ നായരുടെ പുത്തൂരിലെ വീട്ടിലാണു റെയ്ഡ്. മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരടക്കം പ്രതികളായ കേസിൽ 300 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നന്നെന്നാണു നിഗമനം.
2015ൽ ആണ് തട്ടിപ്പ് നടത്തിയത്. പൊതുവിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനായി നൽകിയ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ ഛത്തിസ്ഗഡ് മുൻ ഡി.ജി.പി മുകേഷ് ഗുപ്തയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മലയാളിയും സേനയിലെ ഉദ്യോഗസ്ഥയുമായിരുന്ന രേഖ നായരും ഉൾപ്പെടെയുള്ളവർ പ്രതികളാണ്.
ഗുണനിലവാരമില്ലാത്ത ധാന്യങ്ങൾ വിതരണം ചെയ്തതിലൂടെ അനധിക്യതമായി സമ്പാദിച്ച പണം പ്രതികൾ പങ്കിട്ടെടുത്തതായി കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ചു രേഖ നായർ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കെട്ടിടങ്ങളും വസ്തുക്കളും വാങ്ങിക്കൂട്ടി. കൊല്ലത്തെ ഒരു സ്വകാര്യ ബാങ്കിലടക്കം ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഡ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
ഛത്തീസ്ഗഡ് പൊലീസ് നേരിട്ടെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഇതിന്റെയെല്ലാം രേഖകൾ തേടിയാണു രേഖ നായരുമായി ഛത്തിസ്ഗഡ് പൊലീസ് സംഘം ഇവരുടെ പവിത്രേശ്വരം കൈതക്കോട്ടുള്ള വീട്ടിലെത്തിയത്. പരിശോധനയിൽ അഴിമതിയുടെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കേരള പൊലീസിന്റെ സഹായത്തോടെയാണു റെയ്ഡെങ്കിലും വിശദാംശങ്ങൾ ഛത്തിസ്ഗഡ് സംഘം കേരള പൊലീസിനു നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.