തിരുവനന്തപുരം പോങ്ങനാട് എന്ന ഉൾഗ്രാമ പ്രദേശത്താണ് വാവ ഇത്തവണ പാമ്പിനെ പിടികൂടാൻ എത്തിയത്. അവധിക്കാലമായതിനാൽ കുട്ടികൾ എല്ലാം പറമ്പുകളിൽ കളിച്ച് നടക്കുകയാണ്. നിറയെ വീടുകളുള്ള പ്രദേശം. കളിച്ച് കൊണ്ട് ഇരിക്കുന്ന കുട്ടികളാണ് ആദ്യം ആ കാഴ്ച കാണുന്നത്. ഒരു വലിയ മണ്ണ് തിട്ടയുടെ അടിയിലെ ഒരു മാളത്തിൽ പാമ്പ് കയറിപ്പോകുന്നു. ഉടൻ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയപ്പോഴാണ് വാവയ്ക്ക് ഒരു കാര്യം ഓർമ്മ വന്നത്.
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത, വേദനിപ്പിച്ച ഒരു സംഭവം. ഇതിന് മുമ്പ് ഒരു ദിവസം വാവ ഈ പ്രദേശത്ത് പാമ്പിനെ പിടികൂടാൻ എത്തിയിരുന്നു. അന്ന് രാത്രി ആയതിനാൽ വെളിച്ചം കുറവായിരുന്നു. മാളത്തിൽ നിന്ന് പാമ്പ് ഇറങ്ങി പോയത് വാവ കണ്ടില്ല. കൂടി നിന്നവരുടെ ഇടയിലേക്ക് പാമ്പ് ഇഴഞ്ഞു കയറി. ഓടിമാറിയപ്പോൾ എല്ലാവരും മറിഞ്ഞ് വീണു. ആർക്കും കടി കിട്ടാത്തത് ഭാഗ്യം കൊണ്ടാണ്. അതിനാൽ ഇന്ന് പാമ്പിനെ കണ്ട സ്ഥലത്ത് നിന്ന് ആൾക്കൂട്ടത്തോട് കുറച്ച് മാറിനിൽക്കാന്‍ ആദ്യം തന്നെ വാവ പറഞ്ഞു.
വലിയ മൺത്തിട്ട, നല്ല ഉയരത്തിലാണ്. പെട്ടെന്ന് കിട്ടാൻ സാധ്യതയില്ല. വളരെ ഉള്ളിലേക്കാണ് മാളം. നാട്ടുകാരിൽ നിന്ന് ഒന്ന് രണ്ട് പേർ സഹായിക്കാം എന്ന് പറഞ്ഞത് വാവയ്ക്ക് തുണയായി എത്തി. കുറേ മണ്ണ് വെട്ടി മാറ്റിയിട്ടും പാമ്പിനെ കാണുന്നില്ല. വാവയ്ക്ക് ഉറപ്പാണ് പാമ്പ് മാളത്തിനകത്ത് തന്നെ ഉണ്ട്. പക്ഷേ ഇനിയും ഒത്തിരി മണ്ണ് വെട്ടി മാറ്റണം. വളരെ ഉള്ളിലാണ്. ഇടയ്ക്ക് അപ്രതീക്ഷിതമായി എത്തിയ മഴ, ഉറച്ചിരുന്ന മണ്ണ് നനഞ്ഞതിനാൽ വെട്ടിമാറ്റാൻ എളുപ്പം കഴിഞ്ഞു.
വാവയുടെ മുഖത്ത് സന്തോഷം. മാളത്തിൽ ഒന്ന് കൂടെ ടോർച്ച് അടിച്ച് നോക്കി. മൂർഖന്‍ മാത്രമല്ല. മുട്ടകളും ഉണ്ട്. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ നേരെ പോയത് ആറ്റിങ്ങലിനടുത്തുള്ള ഒരു വീട്ടിലേക്കാണ്. അവിടെ ഒരു നായയുടെ കൂട്ടിനോട് ചേർന്ന് ഒരു മൂർഖന്‍ പാമ്പ്. കാണുക. സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.