തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിഷമദ്യ ദുരന്തമായിരുന്നു കല്ലുവാതുക്കൽ മദ്യദുരന്തം. അബ്‌കാരിയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നെത്തിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒന്നാം പ്രതിയായ ഹയറുന്നിസ എന്ന താത്തയും, മണിച്ചനും രണ്ട് സഹോദരങ്ങൾക്കുമടക്കം 13 പേരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. താത്ത 2009ൽ മരണപ്പെടുകയും ചെയ്‌തു.
എന്നാൽ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മണിച്ചന് പങ്കുള്ളതായി താൻ കരുതുന്നില്ലെന്ന് പറയുകയാണ് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. തന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ സെൻകുമാർ വ്യക്തമാക്കി.
സെൻകുമാറിന്റെ വാക്കുകൾ-
'ഞാൻ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചൻ വിഷമദ്യം വിതരണം ചെയ്‌തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷമദ്യം വിതരണം ചെയ്‌തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല'.