fani
BABY FANI

ഭുവനേശ്വർ: അതിശക്തമായ മഴയും 175 കിലോമീറ്റർ വേഗതയിലുള്ള കാറ്റുമായി ഫോനി ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ ഒഡീഷയിലെ തീരദേശ ജില്ലകളിൽ കനത്ത നാശം വിതച്ചു. 8 പേർ മരിച്ചു. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നൂറുകണക്കിന് മരങ്ങൾ കടപുഴകി. കുടിലുകൾ ചുഴറ്റിയെറിഞ്ഞ കാറ്റിൽ നിരവധി വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും നാശമുണ്ടായി. നിരവധി വാഹനങ്ങൾ തകർന്നു. റോഡുകൾ തകർന്നു. വൈദ്യുതി, ടെലഫോൺ ബന്ധങ്ങൾ താറുമാറായി. തലസ്ഥാനമായ ഭുവനേശ്വറിലാണ്

വലിയ നാശമുണ്ടായത്.വ്യാഴാഴ്‌ച പതിനഞ്ച് ജില്ലകളിലെ പതിനൊന്ന് ലക്ഷത്തോളം പേരെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. അടിയന്തര ദുരിതാശ്വാസത്തിന് 1000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെ ഫോനി ബംഗാളിലേക്ക് നീങ്ങിയെങ്കിലും ശക്തി കുറഞ്ഞു. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്.

ഇന്നലെ രാവിലെ എട്ട് മണിയോടെ ഒഡിഷയിലെ തീരദേശ തീർത്ഥാടന കേന്ദ്രമായ പുരിയുടെ തെക്ക് ഭാഗത്തായാണ് ചുഴലി കരയിൽ ആഞ്ഞടിച്ചത്. സ്‌കൂളുകളടക്കം 3000 കേന്ദ്രങ്ങളിലാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഒരുകോടിയോളം ആളുകളെ ഫോനി ബാധിക്കുമെന്നാണു കണക്കുകൂട്ടൽ.

ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. പാറ്റ്ന – എറണാകുളം എക്‌സ്‌പ്രസ് ഉൾപ്പെടെ 223 ട്രെയിനുകൾ റദ്ദാക്കി.

പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രത്തിന്റെ നാടായ പുരി ചുഴലിയുടെ സംഹാരത്തിൽ പ്രേതനഗരം പോലെയായി. മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു. ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയതിനാൽ പ്രദേശമാകെ വിജനമായി. എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കാൻ മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ്, കര, വ്യോമസേനകൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ഒഡിഷയിലെ 9 ജില്ലകളിലും ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിലെ 10 ജില്ലകളിലും ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു.


ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് ( കണ്ണ് ) 28 കിലോമീറ്റർ വിസ്തൃതി. അതിനകത്ത് ചുഴറ്റുന്ന കാറ്റിന് 175 കിലോമീറ്റർവേഗത. കരയിൽ പതിച്ചതോടെ അത് 200 - 230 കിലോമീറ്ററായി.

സംഹാരതാണ്ഡവം 6 മണിക്കൂറോളം നീണ്ടു

ഫോനിയുടെ വഴിയിൽ പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും
പതിനായിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചു
ഭുവനേശ്വറിലെ എ. ഐ. ഐ.എം. എസ് കെട്ടിടത്തിന് സാരമായ കേട് പറ്റി.

വിമാനത്താവളങ്ങളും തുറമുഖങ്ങളും അടച്ചു

പതിനൊന്ന് ജില്ലകളിലെ പെരുമാറ്റച്ചട്ടം ഇലക്‌‌ഷൻ കമ്മിഷൻ ഇളവ് ചെയ്‌തു.

10000 പേർ മരിച്ച 1999ലെ ചുഴലിക്ക് ശേഷം ഇത്രയും വിനാശകാരിയായ ചുഴലി ഒഡിഷയിൽ ആദ്യം.

ബേബി ഫോനി

ഒഡിഷയിൽ വീശിയടിച്ച ഫോനി ചുഴലിക്കൊടുങ്കാറ്റിന്റെ ഓർമ്മയ്‌ക്കായി ഒരു പെൺകുഞ്ഞ്. വെള്ളിയാഴ്ച രാവിലെ 11.30ന് ഭുവനേശ്വർ റെയിൽവേ ആശുപത്രിയിലാണ് അവൾ ജനിച്ചത്. 32കാരിയായ അമ്മ റെയിൽവേ ജീവനക്കാരിയാണ്. അമ്മയും അച്ഛനും

ചേർന്ന് മോൾക്ക് ഫോനി എന്ന് പേരിടുകയായിരുന്നു.