സീറ്റ് ബെൽറ്റിടാതെയും ഹെൽമറ്റ് വയ്ക്കാതെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പിഴയിടുന്ന പൊലീസിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ലേ എന്ന് മനസിൽ കരുതുന്നവരുണ്ടാവാം. ഇത്തരത്തിൽ നിയമങ്ങൾ ലംഘിക്കുന്ന നിയമപാലകരുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ പൊലീസുകാരോട് നേരിട്ട് ഇതിനെകുറിച്ച് ചോദിക്കാൻ ഭയമായിരിക്കും പലർക്കും. പക്ഷേ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ യുവാവ് സധൈര്യം പൊലീസിന്റെ നിയമലംഘനത്തെ ചോദ്യം ചെയ്യുന്നു.
സീറ്റ് ബൽറ്റിടാതെ പൊലീസ് വാഹനം ഓടിക്കുന്നയാളോട് അതിനെ പറ്റി ചോദിക്കുമ്പോൾ നീയാരാണ് എന്ന മട്ടിൽ വിരട്ടുവാനാണ് വാഹനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനെ വകവയ്ക്കാതെ താൻ ഒരു പൗരനാണെന്ന് മറുപടി പറയുന്ന യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ യുവാവിനെ ഭയപ്പെടുത്തുവാനായി പൊലീസ് ജീപ്പിൽ പിന്നിലത്തെ സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥൻ യുവാവിന്റെ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ പുലിവാലാകുമെന്ന് മനസിലാക്കിയ പൊലീസ് സീറ്റുബൽറ്റുമിട്ട് സ്‌കൂട്ടാവുന്നത് കാണാനാവും.