മുംബയ്: ക്രിക്കറ്റിൽ ആദ്യമായി തോൽക്കണമെന്നാഗ്രഹിച്ച ദിവസമുണ്ടായിരുന്നെന്ന് സച്ചിൻ തെൻഡുൽക്കർ. മറ്റാരോടുമല്ല സ്വന്തം ചേട്ടനോടുതന്നെ. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ജ്യേഷ്ഠനെന്ന് സച്ചിൻ പലവട്ടം പറഞ്ഞിരുന്നു. മുംബയിലെ ബാന്ദ്രയിലെ എം.ഐ.ജി ക്രിക്കറ്റ് ക്ലബിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു സച്ചിന്റെ തുറന്നുപറച്ചിൽ.
എം.ഐ.ജി നടത്തിയ സിംഗിൾ വിക്കറ്റ് ടൂർണമെന്റിൽ രണ്ടു പൂളിലായി മൽസരിച്ച അജിത്തും സച്ചിനും സെമിയിൽ നേർക്കു നേർ വന്നു. ഇരുവരും പോരടിച്ച ജീവിതത്തിലെ ആദ്യ നിമിഷം."ജയിക്കാനല്ല അജിത് ബോൾ ചെയ്തത്. ജയിക്കാനല്ല ഞാൻ ബാറ്റു ചെയ്തതും. എന്റെ ഉഴപ്പ് കണ്ടപ്പോൾ അജിത് കടുപ്പിച്ച് എന്റെ നേരെ നോക്കി. എനിക്ക് ബൗളറുടെ ശരീരഭാഷ നന്നായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അജിത്തിന് ആ മത്സരം ജയിക്കണമെന്നേ ഉണ്ടായിരുന്നില്ല. എന്റെയും അവസ്ഥ അതുതന്നെയായിരുന്നു.
അജിത്ത് ബൗൾ ചെയ്യുന്നതു പോലെയാണ് ഞാൻ ബാറ്റ് ചെയ്തതും. അജിത് നോബോളുകളും വൈഡുകളും എറിഞ്ഞുകൊണ്ടിരുന്നു. ഞാൻ എല്ലാ പന്തുകളും ഡിഫൻഡ് ചെയ്യുകയായിരുന്നു. സിംഗിൾ വിക്കറ്റ് ക്രിക്കറ്റിൽ അങ്ങനെയൊരു പതിവില്ല. പിന്നെ അജിത്ത് തന്നെയാണ് എന്നോട് നന്നായി ബാറ്റ് ചെയ്യാനും ആവശ്യപ്പെട്ടത്. ചേട്ടന്മാർ പറയുകയും നമ്മൾ അനുസരിക്കുകയുമാണല്ലോ ചെയ്യുക. ഞാനും അതു തന്നെ ചെയ്തു. ഞാൻ ജയിച്ചു, പക്ഷേ ജയിച്ചില്ല. അജിത് തോറ്റതുമില്ല. ഞാൻ സെമിയിലെത്തി"– സച്ചിൻ പറഞ്ഞു.