smrithi-irani

മേരെ പ്രിയ് അമേതി വാസിയോം... രാഹുൽ ഗാന്ധിയുടെ തുറന്ന കത്താണ്. ഒരിക്കൽക്കൂടി തന്നെ എം.പിയായി തിരഞ്ഞെടുക്കാൻ അഭ്യ‌ർത്ഥിക്കുന്ന കത്തിൽ, ബി.ജെ.പി പരിഹസിക്കുന്നതു പോലെ എവിടെയൊക്കെയോ ലേശം പേടിയുടെ നിഴലുണ്ടോ എന്ന് സംശയം. 2014-ൽ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചകാലം മുതൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും പതിവില്ലാത്തതാണ് പോളിംഗിന് ഒരു ദിവസം ബാക്കിയുള്ളപ്പോഴത്തെ ഈ കത്ത്. സ്‌മൃതി ഇറാനിക്കു നേരെ പ്രിയങ്കയുടെ രോഷപ്രകടനം കൂടി ചേർത്തുവയ്‌ക്കുമ്പോൾ സംശയം ബലപ്പെടും: രാഹുലിന് പേടിയുണ്ടോ?

മൂന്ന് തിരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിൽ മതി, അതു ബോദ്ധ്യപ്പെടാൻ. ആദ്യ തവണ 2,90,853. അടുത്ത തവണയായപ്പോൾ ഭൂരിപക്ഷം വർദ്ധിച്ച് 3,70,198 ആയി. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സ്‌മൃതി ഇറാനി വന്നതോടെ കഥ മാറി. സ്‌മൃതിയുടെ ആക്രമണത്തിൽ രാഹുലിന്റെ ഭൂരിപക്ഷത്തിലുണ്ടായ കുറവ് 2,62,295 വോട്ടുകളുടേത്. രണ്ടു പേരും തമ്മിലുള്ള വോട്ടു വ്യത്യാസം വെറും 1,07,903.

ഇത്തവണയാണെങ്കിൽ ഫുൾ ഫോമിലാണ് സ്‌മൃതി ഇറാനി. തന്നെ പേടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി വയനാട്ടിലേക്കു കടന്നെന്ന് അമേതിയാകെ പറഞ്ഞുനടന്ന് സ്‌മൃതി രാഹുലിനെ നാണംകെടുത്തി. അമേതിയുടെ മിസ്സിംഗ് എം.പിയാണ് രാഹുലെന്നാണ് സ്‌മൃതിയുടെ ആക്ഷേപം. അക്കൂട്ടത്തിലാണ് മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് സ്‌മൃതി ഷൂസ് വിതരണം ചെയ്‌തത്. പാദരക്ഷകൾ വാങ്ങാൻ പോലും നിവ‌ൃത്തിയാല്ലാത്ത വിധം അമേതിക്കാരുടെ ജീവിതനിലവാരം താഴ്‌ന്നുവെന്നു വരുത്തി രാഹുലിനെ താഴ്‌ത്തിക്കെട്ടാനായിരുന്നു ശ്രമം.

അതിനു മറുപടിയുമായി പ്രിയങ്ക മണ്ഡലത്തിലിറങ്ങിയതോടെ സംഭവം വിവാദത്തിന്റെ വക്കു വരെയെത്തി. ഷൂസ് നൽകി സ്‌മൃതി അമേതിക്കാരെ ചെറുതാക്കി എന്നായിരുന്നു പ്രിയങ്കയുടെ പ്രചാരണം. ചുമ്മാ വാചകമടിക്കാതെ മണ്ഡലത്തിൽ വന്ന് ഒരു ജോഡി ഷൂ വാങ്ങാൻ പോലും നിവൃത്തിയില്ലാത്തവരുടെ സങ്കടം രാഹുൽ നേരിൽ കാണണമെന്ന് സ്‌മൃതി. എന്തായാലും സ്‌മൃതി കൊടുത്ത ഷൂസുമിട്ട് അമേതി മറ്റന്നാൾ ആർക്ക് വോട്ടു ചെയ്യുമെന്ന് കാത്തിരുന്നു കാണാം.