jacinda

വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആൻഡേണും പങ്കാളി ക്ലാർക്ക് ഗേഫോർഡും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. ഈസ്റ്റർ അവധിക്കിടെ വിവാഹനിശ്ചയം കഴിഞ്ഞതായും ഉടനേ വിവാഹമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവാണ് സ്ഥിരീകരിച്ചത്. അഞ്ചുവർഷമായി ബന്ധം പുലർത്തുന്ന ഇരുവർക്കും കഴിഞ്ഞവർഷം ജൂണിലാണ് നീവ് എന്ന് പേരിട്ട ഒരു പെൺകുഞ്ഞ് ജനിച്ചത്.

പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയാണ് 38കാരിയായ ജെസീന്ത. ആറാഴ്ചത്തെ പ്രസവാവധിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച ജെസീന്തയുടെ ജനപ്രീതി അമ്മയായതിനുശേഷം ഏറെ വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പങ്കാളി ക്ലാർക്ക് കുഞ്ഞിനെ നോക്കാനായി പിന്നീട് താത്കാലികമായി ജോലി ഉപേക്ഷിച്ചിരുന്നു. ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിൽ 50ഓളം പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിനുശേഷമുള്ള ജെസീന്തയുടെ പ്രതികരണങ്ങളും ലോകശ്രദ്ധയാകർഷിച്ചിരുന്നു.