ins

ന്യൂഡൽഹി: ഇന്ത്യയുടെ നാവികപടയോട്ടങ്ങളെ മുൻനിരയിൽനിന്ന് നയിച്ച പടക്കപ്പൽ ഐ.എൻ.എസ് രഞ്ജിത്ത് സേനയിൽനിന്ന് വിരമിക്കുന്നു. 36 വർഷത്തെ സേവനത്തിനുശേഷം തിങ്കളാഴ്ചയാണ് കപ്പൽ ഡീകമ്മിഷൻ ചെയ്യുന്നത്. സേനയിലെ തോൽവിയറിയാത്ത പോരാളിയെന്നായിരുന്നു ഐ.എൻ.എസ് രഞ്ജിത്ത് അറിയപ്പെട്ടിരുന്നത്. ഡീകമ്മിഷൻ ചെയ്യുന്നതോടെ സേനയുടെ കിഴക്കൻ, പടിഞ്ഞാറൻ കപ്പൽ പടകളുടെ മുൻനിര കപ്പലുകളിലൊന്നാണ് ഇനി വിശ്രമത്തിൽ പ്രവേശിക്കുന്നത്.

റഷ്യൻ നിർമിത കഷിൻ ക്ലാസ് മിസൈൽ നശീകരണകപ്പലായിരുന്ന രഞ്ജിത്ത് 1983 സെപ്തംബർ 15നാണ് കമ്മിഷൻ ചെയ്ത് ഇന്ത്യൻ സേനയുടെ ഭാഗമായത്. 1970ൽ ഉക്രൈനിൽവച്ചാണ് കപ്പൽ നിർമ്മിച്ചത്. ഇത്തരത്തിൽ ഇന്ത്യവാങ്ങിയ അഞ്ച് കപ്പലുകളിൽ മൂന്നാമത്തേതാണ് ഐ.എൻ.എസ് രഞ്ജിത്ത്.

രജപുത് ക്ലാസ് കപ്പലുകളെന്ന നിലയിലാണ് ഇവയെ സേനയുടെ ഭാഗമാക്കിയത്. റഷ്യൻ സഹകരണത്തോടെ നിർമിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് രജപുത് വിഭാഗത്തിൽ ഉണ്ടായിരുന്നത്.

വിശാഖപട്ടണത്തെ നാവികസേന താവളത്തിൽ വച്ച് വിപുലമായ ചടങ്ങുകളുടെ അകമ്പടിയോടു കൂടി ഡി കമ്മിഷൻ നടപടികൾ പൂർത്തിയാക്കും. ഇവിടെ വച്ച് കപ്പലിലെ പതാക അഴിച്ചു മാറ്റും. മുൻ നാവിക സേനാ മേധാവിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇപ്പോഴത്തെ ലഫ്. ഗവർണറുമായ അഡ്മിറൽ ദേവേന്ദ്ര കുമാറിന്റെ സാന്നിദ്ധ്യത്തിലായിരിക്കും ഡീകമ്മിഷൻ നടപടികൾ നടക്കുക. 1996-98 കാലഘട്ടത്തിൽ നാവികസേന തലവനായിരുന്ന വിഷ്ണു ഭാഗവതായിരുന്നു കമ്മിഷൻ ചെയ്തുകഴിഞ്ഞതിനുശേഷമുള്ള രഞ്ജിത്തിന്റെ ആദ്യ ക്യാപ്ടൻ. കാർഗിൽ യുദ്ധം, 2004ലെ സുനാമി, 2014ലെ ഹുഡ് ഹുഡ് ചുഴലിക്കാറ്റ് തുടങ്ങി നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള പടക്കപ്പൽ കൂടിയാണ് ഐ.എൻ.എസ് രഞ്ജിത്ത്.

 വിരമിക്കുന്നത് 36 വർഷത്തെ സേവനത്തിനുശേഷം

 തോൽവിയറിയാത്ത പോരാളിയെന്ന് (സദാ രണെ ജയതെ) ഓമനപ്പേര്

 നിർമ്മിച്ചത്: 1970ൽ ഉക്രൈനിൽ

 ഇന്ത്യൻ സേനയുടെ ഭാഗമായത്: 1983 സെപ്തംബർ 15

 സുരക്ഷാ പ്രവർത്തനങ്ങളിലും സജീവസാന്നിദ്ധ്യം

 ഡീകമ്മിഷൻ നടപടികൾ വിശാഖപട്ടണത്ത് വച്ച്