ദൈനംദിന ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടുവരുന്ന അല്ലെങ്കിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് 'നിങ്ങൾ ആരാണ് " എന്നത്. വളരെ നിസാരമായ ഒരു ചോദ്യമാണ് അതെന്നു കരുതിയാണ് ഒരുവൻ മറ്റൊരുവനോട് ഈ ചോദ്യം ചോദിക്കുന്നത്.
അതുകൊണ്ടുതന്നെ യാതൊരു സംശയവും കൂടാതെയാണ് ഒരാൾ ഈ ചോദ്യത്തിനുത്തരം നല്കുന്നതും. ചിലപ്പോൾ പേര് , തൊഴിൽ, സ്ഥാനമാനങ്ങൾ ഒക്കെ ഇതിനുള്ള ഉത്തരമാകാം. ഇത്രയും കേട്ടാൽ ചോദ്യം ഉന്നയിച്ചവന് നിങ്ങൾ ആരാണെന്നു മനസിലായതു പോലെയാണ് തോന്നുക. വാസ്തവത്തിൽ ഈയൊരു ചോദ്യത്തിന് ഒരാൾ എന്ത് ഉത്തരം പറഞ്ഞാലും ആ ഉത്തരത്തിനു അയാളുമായി എത്ര ബന്ധമുണ്ടെന്ന് ചിന്തിച്ചു നോക്കിയാൽ വലിയ ബന്ധമൊന്നുമില്ലെന്ന അറിവിലെത്തിച്ചേരും. പുതിയൊരു സ്ഥലത്ത് ആദ്യമായെത്തിച്ചേരുന്ന ഒരുവനെ കാണുമ്പോൾ അന്നാട്ടുകാരനായ ഒരാൾ നിങ്ങൾ ആരാണ് എന്നു ചോദിക്കുക സ്വാഭാവികമാണ്. ആ ചോദ്യത്തിനു 'ഞാൻ ഇവിടുത്തെ സ്കൂളിലേക്ക് സ്ഥലം മാറി വന്ന അദ്ധ്യാപകനാണ് "എന്നയാൾ മറുപടി കൊടുത്താൽ അതു കേട്ടവൻ അയാളെ തനിക്കു മനസിലായി എന്നാണു വിചാരിക്കുന്നത്. ആ മനസിലാക്കലിൽ നിങ്ങളിലെ 'നിങ്ങൾ" അഥവാ അയാളിലെ 'അയാൾ" എത്രയുണ്ടാവും? ഒരു തിരയിലെ കേവലമൊരു കുമിളയ്ക്കുള്ള സ്ഥാനമെത്രയോ അത്രയേ അതിനും സ്ഥാനമുള്ളൂ. കാരണം നിങ്ങൾ ആരാണെന്നുള്ള ചോദ്യത്തിന് പറയുന്ന ഉത്തരത്തിലെ 'ഞാൻ" എന്നത് പലപല കാലങ്ങളിൽ വന്നുചേർന്നിട്ടുള്ള ഞാനുകളുടെ ഒരു ചേരുവയാണ്. ഇപ്രകാരം വന്നുചേർന്നവയിൽ എല്ലാമിരിക്കുന്ന ഞാനാകട്ടെ, ഒരു ഇമേജ് മാത്രമാണ്. അല്ലെങ്കിൽ സങ്കല്പം മാത്രമാണ്. അതുണ്ടാകുന്നതിനു മുൻപും ഈ ഞാൻ എന്ന ബോധം ഉണ്ടായിരുന്നല്ലോ. അങ്ങനെയുള്ളതായ ആ ബോധത്തിലിരിക്കുന്ന 'എന്നെ" അറിയാതെ പിന്നീടു വന്നു ചേർന്ന എന്നെ അറിഞ്ഞാൽ അതെങ്ങനെ യഥാർത്ഥത്തിലുള്ള ഞാനാകും. നമ്മുടെ വ്യാവഹാരിക ജീവിതത്തെ സങ്കീർണമാക്കുന്നതും ആശങ്കാജനകമാക്കുന്നതും ഇത്തരം 'ഞാനു"കളുടെ പ്രകടനങ്ങളാണ്. അതാണു ആധുനികലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിലുള്ള ഞാൻ എന്ന സത്യത്തെ അറിയാതെ അതിനെ പൊതിഞ്ഞു നില്ക്കുന്ന എന്തെല്ലാമോ ആണ് ഞാൻ എന്നാണ് ഒരാളിനെപ്പറ്റി മറ്റുള്ളവർക്കുള്ള അറിവ്. അങ്ങനെ പൊതിഞ്ഞു നില്ക്കുന്നവയിൽപ്പെട്ടതാണു ഒരാളിന്റെ പേര്, തൊഴിൽ, സ്ഥാനമാനങ്ങൾ, യോഗ്യതകൾ, ഉടമസ്ഥാവകാശങ്ങൾ തുടങ്ങിയ വ്യക്തിത്വ ഘടകങ്ങൾ. ഇങ്ങനെ പൊതിഞ്ഞു നില്ക്കുന്നവയെല്ലാം മറ്റൊരിക്കൽ അഴിഞ്ഞു പോകുന്നവയാണ്. കാരണം അവയ്ക്കൊന്നിനും സ്ഥിരതയില്ല എന്നതുതന്നെ. സ്വർണ്ണത്തിൽ കാണുന്ന ആഭരണങ്ങൾ പോലെയാണ് ഇത്. ഇന്നു വളയായി കാണപ്പെടുന്ന സ്വർണ്ണം നാളെ മാലയായോ മോതിരമായോ ഒക്കെയായി മാറ്റപ്പെടാം. ഇങ്ങനെ മാറിമാറിവരുന്ന ആഭരണങ്ങളിലെല്ലാം വാസ്തവത്തിലുള്ളത് ആഭരണങ്ങളല്ല. അതിൽ മാറാതിരിക്കുന്ന സ്വർണ്ണം മാത്രമാണ്. പക്ഷേ നമ്മളാകട്ടെ മാറാതിരിക്കുന്ന സ്വർണ്ണത്തെ കാണാതിരിക്കുകയും മാറിമാറിവരുന്ന ആഭരണങ്ങളെ മാത്രം കാണുകയും ചെയ്യുന്നു. ഇതിനാണു വേദാന്തശാസ്ത്രത്തിൽ അദ്ധ്യാരോപം എന്നു പറയുന്നത്.
ഇങ്ങനെ അദ്ധ്യാരോപം പ്രകടമായും അതിനാസ്പദമായിരിക്കുന്ന യഥാർത്ഥവസ്തു പ്രകടമല്ലാതെയും ഇരിക്കുന്നതായ ലോകത്താണ് ഒരാൾ ലൗകികജീവിതം കെട്ടിപ്പടുക്കുന്നത്. അതുകൊണ്ടുതന്നെ അയാൾക്കു അദ്ധ്യാരോപിതമായിരിക്കുന്നവയെല്ലാമാണ് സത്യം എന്നു തെറ്റിദ്ധരിക്കാനിട വരുന്നു. ഈ തെറ്റിദ്ധാരണയാണു ലൗകികജീവിതത്തെ സംസാരബദ്ധമാക്കുന്നത്. നിങ്ങൾ ആരാണ് എന്ന ചോദ്യം ഒരാളെക്കൊണ്ട് ചോദിപ്പിക്കുന്നതും ഞാൻ ഇന്നയാളാണ് എന്നു ഒരാളെക്കൊണ്ടു അതിനുത്തരം പറയിപ്പിക്കുന്നതും ഈ തെറ്റിദ്ധാരണകളാണ്. ഇത്തരം ചോദ്യോത്തരങ്ങളെല്ലാം എപ്പോഴാണോ നിങ്ങളിൽ ഉപശമിക്കുന്നത് അപ്പോഴാണ് നിങ്ങളിലെ ശരിയായുള്ള 'നിങ്ങൾ" ആഭരണത്തിലെ സ്വർണ്ണമെന്നപോലെ തെളിഞ്ഞുവരുന്നത്. ആ നിങ്ങൾ തെളിഞ്ഞുവന്നാൽ പിന്നെ ഞാനും നിങ്ങളുമെന്ന ഭേദമില്ല. സത്യത്തിന്റെ ഈ നില വെളിവാക്കുന്നതാണു നിർവൃതിപഞ്ചകത്തിലെ
ഇത്യാദി വാദോപരതിർ -
യസ്യ തസ്യൈയ്വ നിർവൃതി ഃ എന്ന തൃപ്പാദവചനങ്ങൾ
യഥാർത്ഥത്തിലുള്ളത് യാതൊന്നാണോ അതിനെ പൊതിഞ്ഞു നില്ക്കുന്നതിനെയെല്ലാം അല്ലെങ്കിൽ മറച്ചു നില്ക്കുന്നതിനെയെല്ലാം നീക്കം ചെയ്തു, ഉള്ളതായി നിലനിന്ന് ലോകസേവനം നടത്തുന്നതിനാണ് ദൈവം മനുഷ്യനു മനസും ബോധവും ബുദ്ധിയും ഒക്കെ നല്കിയിരിക്കുന്നത്. എന്നാൽ ഈ മനസിനെയും ബോധത്തെയും ബുദ്ധിയെയും ആധുനിക മനുഷ്യൻ അവനെ മറച്ചു നില്ക്കുന്നവയെ വെളിവാക്കാനാണു അധികമായും ഉപയോഗിക്കുന്നത്. ഇങ്ങനെ ദൈവത്തിന്റെ മഹാദാനത്തെ 'ദാനകമാക്കി" (തുച്ഛമായ ദാനമാക്കി) മാറ്റുന്ന മനുഷ്യൻ വ്യവഹാര ജീവിതത്തിൽ ആരായിരുന്നാലും ദൈവത്തിനു മുന്നിൽ അവൻ പരമദരിദ്രനാണ്. ഈ ദാരിദ്ര്യത്തെ മറികടക്കുന്ന മനുഷ്യനെയാണ് ലോകം എക്കാലവും സമാദരവോടെ നോക്കിക്കാണുന്നത്.
ഒരിക്കൽ , വിശ്വകലാകാരനായ മൈക്കലാഞ്ജലോ അനശ്വരമാക്കിയ ദാവീദിന്റെ ശില്പം കണ്ടിട്ട് അത്ഭുതത്തോടെ ഒരാൾ അദ്ദേഹത്തോടു ചോദിച്ചു.
''അങ്ങ് എങ്ങനെയാണ് ഈ ശില്പം കൊത്തിയുണ്ടാക്കിയത് ? ""
അതിനു യാതൊരു അസാധാരണത്വവും പ്രകടിപ്പിക്കാതെ മൈക്കലാഞ്ജലോ മറുപടി പറഞ്ഞു.
''ഞാൻ ഒരു കല്ലിലേക്കു നോക്കി. അപ്പോഴതിൽ ദാവീദിനെ കണ്ടു. പിന്നെ ഞാൻ ആ കല്ലിൽ നിന്ന് ദാവീദ് അല്ലാത്തതിനെയെല്ലാം കൊത്തിക്കളഞ്ഞു.""
ഇത്തരമൊരു കൊത്തിക്കളയൽകൊണ്ടാണ് നാം നമ്മുടെ ജീവിതത്തെയും ഭാസുരമാക്കേണ്ടത്. അപ്പോഴേ 'നിങ്ങൾ ആരാണ്' എന്ന ചോദ്യത്തിനു ശരിയായ ഉത്തരം ഉണ്ടാവുകയുള്ളൂ.