ഭാരതീയ ഋഷിപാരമ്പര്യത്തിൽ ഒരു സവിശേഷാദ്ധ്യായം രചിച്ച ആചാര്യസത്തമനാണ് ശ്രീചട്ടമ്പിസ്വാമി തിരുവടികൾ. 'സർവജ്ഞനും ഋഷിയും ഉത്ക്രാന്തനും പരിപൂർണ കലാനിധിയും മഹാപ്രഭുവുമായ സദ്ഗുരു "വാണ് ചട്ടമ്പിസ്വാമികളെന്ന് ജ്ഞാനികളേ അറിഞ്ഞിരുന്നുള്ളൂ. കാരണം എഴുപതാണ്ടു നീണ്ട ജീവിതം വെറും ലീലയായിട്ടാണ് അദ്ദേഹം നയിച്ചത്. യഥാർത്ഥത്തിൽ ഇത് പരിപൂർണതയുടെ ആവിഷ്കരണമാണ്. ശ്രീകൃഷ്ണന്റെ ജീവിതമാണ് ഈ നിലയിൽ പ്രാതഃസ്മരണീയം. എങ്കിലും ഇങ്ങനെയുള്ളവർ സാധാരണനിലയിൽ പലതും ചെയ്യും. സർവവും അവതാരലീലകൾതന്നെ. തങ്ങൾ ചെയ്യുന്നതിലൊന്നും കർത്തൃത്വമോ ഭോക്തൃത്വമോ അവർക്കുണ്ടാവില്ലെന്നു മാത്രം. എന്നാൽ ആ കർമ്മങ്ങളുടെ ഫലമോ അനന്തവും അപരിമേയവും ആയിരിക്കും.
സാമൂഹികവുമായി വിഘടിതവും വികൃതവുമായ ഒരു സമൂഹത്തിലാണ് ചട്ടമ്പിസ്വാമികൾ ഭൂജാതനായത്, കൊല്ലവർഷം 1029 ചിങ്ങം 11-ന് (1853 ആഗസ്റ്റ് 25). വൈകൃതങ്ങളൊക്കെയും മനുഷ്യകൃതം തന്നെ. മിക്കതും ജാതിയുടെ പേരിൽ ഉണ്ടാക്കിയവയും. കൂനിൻമേൽ കുരു എന്ന മട്ടിൽ വൈദേശികമായ അധിനിവേശങ്ങളാൽ കലുഷവും ഭീതിദവും കൂടിയായിരുന്നു അന്നത്തെ കേരളം. കച്ചവടത്തിനു വന്നവർ ഭരണാധികാരികളായി മാറി, വഴിപോക്കൻ വീട്ടുകാരനായതുപോലെ. പിന്നീട് അവരുടെ താത്പര്യങ്ങൾക്കായി അംഗീകാരം. തരാതരംപോലെ അവരുടെ വിശ്വാസങ്ങൾ ഇവിടത്തെ പ്രമാണമാക്കപ്പെടുകയും ചെയ്തു.
നിരുപാധികവും പരിപൂർണസ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതുമായ മോക്ഷം എന്ന പരമോദാരമായ അനുഭവത്തെ പരമപദമായിക്കാണുന്നതാണല്ലോ സനാതനധർമ്മം. ആർഷഭാരത സംസ്കൃതി ലോകത്തിനു സമ്മാനിച്ച പരമ ധന്യതയാണിത്. ഇതിലും വിശിഷ്ടമായ ഒരാദർശത്തെപ്പറ്റി അതിനു മുൻപോ ശേഷമോ ഉള്ള ചരിത്രത്തിലെങ്ങും പ്രതിപാദിച്ചുകാണുന്നില്ല. അങ്ങനെയുള്ള സൗമ്യോദാത്ത സംസ്കൃതിയെ പരിണയിച്ച ഹിന്ദുമതമാണ് ജാതികൊണ്ടു കളങ്കിതമായത്. ചരിത്രത്തിലെ ഈ ജീർണഘട്ടത്തിലാണ് ചട്ടമ്പിസ്വാമികളുടെ അവതാരലീലാരഹസ്യം അമൂല്യമാകുന്നത്.
സവർണാവർണഭേദം മാത്രമല്ല, തൊട്ടുകൂടായ്കയും തീണ്ടിക്കൂടായ്കയും വമിച്ച വിഷമേറ്റു ജടിലമായിപ്പോയി കേരളസമൂഹം. ബഹുഭൂരിപക്ഷത്തിനും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ആ വ്യവസ്ഥിതിയുടെ ആധാരഭൂമിക അന്തസാരശൂന്യമെന്നു തെളിയിക്കുകയാണ് ചട്ടമ്പിസ്വാമികൾ ഒന്നാമതു ചെയ്തത്. പാശ്ചാത്യജീവിതരീതികളുടെ പ്രചാരവും ക്രിസ്തീയ മിഷണറിമാരുടെ കുത്സിതപ്രവർത്തനങ്ങളും ഹിന്ദുസമൂഹത്തിന് വൻഭീഷണിയുയർത്തിയ ഘട്ടവുമാണത്. ഇത്തരം ആപത്ഘട്ടങ്ങളിൽ ഉചിതജ്ഞതയോടെ പ്രവർത്തിക്കുക അവതാരമൂർത്തികളുടെ ധർമ്മമാണ്. സാമൂഹികമായ ഇത്തരം തിന്മകളുടെയും അതിക്രമങ്ങളുടെയും നിഗൂഢകേന്ദ്രങ്ങളിലേക്കുവരെ ചട്ടമ്പിസ്വാമികൾ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ധൈഷണികമായ അസ്ത്രപ്രയോഗം ആരംഭിക്കുകയായി. 'വേദാധികാരനിരൂപണം" 'അദ്വൈതചിന്താപദ്ധതി" 'ക്രിസ്തുമതഛേദനം" മുതലായ അമൂല്യകൃതികൾ അദ്ദേഹത്തിൽനിന്നു കൈരളിക്കു ലഭിച്ചു. കാളിയാങ്കൽ നീലകണ്ഠപ്പിള്ള, കരുവാ കൃഷ്ണനാശാൻ തുടങ്ങിയ വാഗ്മികളായ ഗൃഹസ്ഥശിഷ്യരെ സുസജ്ജരാക്കി നിയോഗിച്ച് പ്രത്യക്ഷപ്രതിരോധപ്രവർത്തനങ്ങൾക്കും സ്വാമികൾ മാർഗദർശനം നല്കി. എല്ലാറ്റിനുമുപരി ജാതിയുടെയും മറ്റു വിവേചനങ്ങളുടെയും അർത്ഥശൂന്യത ബോദ്ധ്യപ്പെടുത്തിക്കൊണ്ട് സ്വാമികൾ തന്നെ താണ സമുദായത്തിലുള്ളവരുടെ ഭവനങ്ങളിൽ കടന്നുചെല്ലുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്തു. കൂടാതെ, അവരെ ഭൗതികവും ആദ്ധ്യാത്മികവുമായ വിദ്യകളിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തു.
വേദം പഠിക്കാൻ ശൂദ്രന് അർഹതയില്ലെന്ന വിധിയെ ഉപനിഷത്തുകൾ ഉദ്ധരിച്ച് സ്വാമികൾ ഖണ്ഡിച്ചു. ഛാന്ദോഗ്യോപനിഷത്തിലെ ജാനശ്രുതിയുടെ ചരിതവും സത്യകാമജാബാലകഥയുമെല്ലാം ഇപ്രകാരം ഉദ്ധരിക്കപ്പെട്ടു. ശൂദ്രന്ന് വേദാദ്ധ്യയനാധികാരം മാത്രമല്ല, വേദമന്ത്ര കർത്തൃത്വംകൂടി ഉണ്ടായിരുന്നെന്ന് അദ്ദേഹം സമർത്ഥിച്ചു. പ്രബലമതങ്ങൾ ഇന്നും സ്ത്രീകളെ പൗരോഹിത്യത്തിൽ നിന്ന് അകറ്റി നിറുത്തിയിരിക്കുകയാണല്ലോ. എന്നല്ല, ആരാധനാലയത്തിനുള്ളിൽ പ്രവേശിക്കാൻപോലും ചില മതങ്ങൾ സ്ത്രീക്ക് ഈ നിമിഷംവരെ അനുവാദം കൊടുത്തിട്ടുമില്ല. എന്നാൽ ഇതല്ല ഭാരതത്തിലെ അനുഭവം. ഭാരതസ്ത്രീക്ക് പുരുഷനുള്ള ഒരവകാശത്തിനും ഒരുകാലത്തും ആരും വിലക്കു കല്പിച്ചിട്ടില്ല. പണ്ടു മുതൽക്കേ സ്ത്രീക്ക് ഇവിടെ വേദാധികാരം ഉണ്ടായിരുന്നു. ഗാർഗി, മൈത്രേയി തുടങ്ങിയ ബ്രഹ്മവാദിനികളുടെ ചരിത്രം ചൂണ്ടിക്കാണിച്ച് ചട്ടമ്പിസ്വാമികൾ യാഥാസ്ഥിതികരുടെ നിയമക്കോട്ടകൾ തകർത്തുകളഞ്ഞു.
ബ്രാഹ്മണനല്ലാത്ത ചട്ടമ്പിസ്വാമികൾ വേദവേദാന്താദിവിഷയങ്ങൾ സുസൂക്ഷ്മം പഠിച്ചതും 'വേദാധികാരനിരൂപണം" രചിച്ചതുംതന്നെ അന്നത്തെ ചുറ്റുപാടിൽ മഹാവിപ്ലവമാണ്. അതുപോലെതന്നെയാണ് 'ക്രിസ്തുമതഛേദനം" കണ്ട് അസ്തപ്രജ്ഞരായ ക്രിസ്തീയസഹോദരങ്ങളെ 'ക്രിസ്തുമതസാരം" രചിച്ച് ആ മതത്തിന്റെ യഥാർത്ഥപ്പൊരുൾ പകർന്നുകൊടുത്ത മഹാമനസ്കത അങ്ങേയറ്റം മഹത്ത്വമുള്ളതുമാണ്. ഇങ്ങനെ നോക്കിയാൽ ജാതിമതാദി ഭേദങ്ങൾക്കതീതമായ സമഭാവന അദ്ദേഹത്തിന്റെ സകലകർമ്മങ്ങളിലും സ്പഷ്ടമായിരുന്നു എന്നു വ്യക്തമാണ്. മനുഷ്യരിൽ മാത്രമായിരുന്നില്ല വിളയാടിയത്. സ്വാമികളുടെ സമഭാവന സകലപ്രകൃതിസാന്നിദ്ധ്യത്തിലും അതു പ്രകടമായിരുന്നു. 'അഹം ബ്രഹ്മാസ്മി" എന്ന നിരന്തരാനുഭവത്തിൽ മുഴുകിയവർക്ക് ഇങ്ങനെയല്ലാതെ പറ്റുമോ?
(കേരളസർവകലാശാല,വിദൂരവിദ്യാഭ്യാസ വിഭാഗം മലയാളം പ്രൊഫസറാണ് ലേഖകൻ
ഫോൺ - 9447453145)