mazood-azar

ഇസ്ലാമാബാദ്: ഐക്യരാഷ്‌ട്ര രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് യാത്രാവിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ ഉത്തരവിറക്കി. മസൂദിന്റെ സ്വത്തുവകകളും മരവിപ്പിച്ചു. ആയുധങ്ങളും യുദ്ധസാമഗ്രികളും വാങ്ങുന്നതിനും വിലക്കുണ്ട്. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. രാജ്യാന്തര ഉപരോധം ഉൾപ്പെടെ മസൂദിന് നേരിടേണ്ടിവരും.

പാകിസ്ഥാനെതിരായ 2017ലെ രക്ഷാസമിതി പ്രമേയം പൂർണമായി നടപ്പാക്കുമെന്ന് പാകിസ്ഥാൻവിദേശമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

പുൽവാമയിൽ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റവുമൊടുവിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. തുടർന്നാണ് ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങിയത്. ഇതിനായുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങളെല്ലാം ചൈന തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തുടർച്ചയായി തടയുകയായിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദം അധികമായപ്പോഴാണ് മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള തടസവാദങ്ങളിൽനിന്ന് ചൈന പിന്മാറിയത്.