deepa-nisanth

തൃശൂർ: കേരളവർമ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരായ കവിതാ മോഷണ വിവാദത്തിൽ എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകാൻ കോളേജ് പ്രിൻസിപ്പലിനോട് യു.ജി.സി ആവശ്യപ്പെട്ടു. കോളേജ് മാനേജ്‌മെന്റിന്റെ നിലപാടും വ്യക്തമാക്കണം. എസ്. കലേഷിന്റെ കവിത മോഷ്ടിച്ചെന്നായിരുന്നു ആരോപണം.

കവിത മോഷണത്തിൽ കോളേജ് തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ ആ റിപ്പോർട്ടും സമർപ്പിക്കണം. അദ്ധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. കലേഷിന്റെ കവിത സ്വന്തം പേരിൽ കോളേജ് അദ്ധ്യാപക സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഇതു മറ്റൊരാൾ നൽകിയത് വിശ്വസിച്ചപ്പോൾ സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കിയ ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങിയെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. സംഘപരിവാറിനെതിരെ ദീപയുടെ വിമർശനങ്ങൾക്ക് കോപ്പിയടി ആക്ഷേപിച്ചായിരുന്നു എതിരാളികളുടെ മറുപടി. കവിതാ മോഷണ വിവാദത്തെ തുടർന്ന് അദ്ധ്യാപക സംഘടനയിൽ തന്നെ അഭിപ്രായഭിന്നത ഉടലെടുത്തു. കോളേജ് മാനേജ്‌മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.