ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. ആംആദ്മി നേതാക്കളെ വിലയ്ക്കെടുക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നുവെന്നുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തിന് മണിക്കൂറുകൾക്കുള്ളിലാണ് എം.എൽ.എ മറുകണ്ടം ചാടിയത്. ഡൽഹിയിലെ ഗാന്ധിനഗർ എം.എൽ.എയായ അനിൽ വാജ്പേയിയാണ് കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്.
''ആംആദ്മിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. കൃത്യമായ പ്രവർത്തനരീതി പാർട്ടിക്കില്ല. അർഹിക്കുന്ന ബഹുമാനവും ലഭിക്കുന്നില്ല. പാർട്ടി അതിന്റെ ആരംഭഘട്ടത്തിൽനിന്ന് ഒരുപാട് മാറി." അനിൽ വാജ്പേയി ആരോപിച്ചു. മേയ് 12നാണ് ഡൽഹിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ്.
ഏഴ് എ.എ.പി എം.എൽ.എമാർക്ക് ബി.ജെ.പി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് എ.എ.പി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നേരത്തേ ആരോപിച്ചിരുന്നു. 14 എ.എ.പി എം.എൽ.എമാർ പാർട്ടിമാറാൻ സന്നദ്ധരാണെന്ന് അറിയിച്ചതായി വിജയ് ഗോയൽ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് അരവിന്ദ് കേജ്‌രിവാളും രംഗത്ത് വന്നിരുന്നു. ''ഇതാണോ ജനാധിപത്യത്തെപ്പറ്റിയുള്ള നിങ്ങളുടെ നിർവചനം. എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ എവിടെനിന്നാണ് നിങ്ങൾക്ക് ഇത്രയും പണം? ഞങ്ങളുടെ എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ നിങ്ങൾ നിരവധി തവണ ശ്രമിച്ചു. അതത്ര എളുപ്പമല്ല"-കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് അനിൽ ബി.ജെ.പിയിൽ ചേർന്നത്.