aap

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എ.എൽ.എമാരെ ബി.ജെ.പി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണത്തിന് പിന്നാലെ ഡൽഹിയിൽ പാർട്ടി എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. ഗാന്ധിനഗർ എം.എൽ.എ അനിൽ ബാജ്‌പേയയാണ് ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തിൽ അനിൽ ബാജ്‌പേയിയെ ബി.ജെ.പി അംഗത്വം നൽകി സ്വീകരിച്ചു. മേയ് 12ന് ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അനിൽ ബാജ്പേയ് ബി.ജെ.പിയിൽ ചേർന്നത്.

പാർട്ടി മാറാൻ എം.എൽ.എമാർക്ക് ബി.ജെ.പി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് എ.എ.പി നേതാവ് മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു. 14 എ.എ.പി എം.എൽ.എമാർ പാർട്ടിമാറാൻ സന്നദ്ധരാണെന്ന് അറിയിച്ചതായി കേന്ദ്രമന്ത്രി വിജയ് ഗോയൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നിരുന്നു.

അതേസമയം എം.എൽ.എമാർക്ക് 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം വിജയ് ഗോയൽ തള്ളിക്കളഞ്ഞു. എ.എ.പി സ്വന്തം ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് എം.എൽ.എമാർ പാർട്ടി വിടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.