തൊടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂരപീഡനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ അനിയനെ ഒരു മാസത്തേക്ക് അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാൻ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു. അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛൻ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. കുട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴയിൽ ചേർന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗിൽ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും ആർക്കൊപ്പം വിടണമെന്ന് തീരുമാനിക്കും. കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പൊലീസും ശിശുസംരക്ഷണമിതിയും നിരീക്ഷിക്കും. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാൽ ഉടൻ മാറ്റും. ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോട് ശിശുക്ഷേമ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. പൂന്തുറ എസ്.ഐ ഇടയ്ക്ക് നിരീക്ഷണം നടത്തണം. അച്ഛന്റെ വീട്ടുകാർ കുട്ടിയെ നന്നായാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സമിതി തിരുവനന്തപുരം യൂണിറ്റിനോടും നിർദ്ദേശിച്ചിട്ടുണ്ട്.
മൂത്ത കുട്ടി മരിച്ചപ്പോൾ പിതാവിനെ സംസ്‌കരിച്ച തിരുവനന്തപുരത്ത് തന്നെ അടക്കം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും തൊടുപുഴ ഉടുമ്പന്നൂരിലെ അമ്മ വീട്ടിലാണ് സംസ്‌കരിച്ചത്.
അമ്മ ചികിത്സയിൽ
ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകർന്ന അമ്മ നിലവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. അമ്മയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തിയേക്കും.