election-2019

ന്യൂഡൽഹി: യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോൺഗ്രസിന്റെ വാദത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി സർക്കാർ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ചോദ്യംചെയ്തവർ, പിന്നീട് എതിർത്തവർ ഇപ്പോൾ അതേവിഷയത്തിൽ അവകാശവാദവുമായി വന്നിരിക്കുന്നുവെന്ന് പറഞ്ഞ മോദി ഇതൊരു വീഡിയോ ഗെയിമല്ലെന്നും പരിഹസിച്ചു. രാജസ്ഥാനിലെ സികാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കോൺഗ്രസ് കള്ളം പറയുകയാണെന്ന് മോദി ആരോപിച്ചത്.

യു.പി.എ സർക്കാരിന്റെ കാലത്ത് രാജ്യം ആറ് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ, അതൊന്നും ഒരിക്കലും രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് പറഞ്ഞത്. മിന്നലാക്രമണം നടത്തിയ തീയതികൾ സഹിതമാണ് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല അവകാശവാദമുന്നയിച്ചത്. ഇതിനെതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

''ആദ്യം അവർ തള്ളിക്കളഞ്ഞു, പിന്നെ എതിർത്തു, ഇപ്പോഴിതാ ഞങ്ങളുമുണ്ട് എന്ന് പറയുന്നു.

യു.പി.എ ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങൾ നടത്തിയെന്നാണ് ഒരു കോൺഗ്രസ് നേതാവ് കുറച്ചുമാസങ്ങൾക്കുമുമ്പ് അവകാശപ്പെട്ടത്. ആറെണ്ണം നടത്തിയെന്ന് മറ്റൊരു നേതാവ് ഇപ്പോൾ പറയുന്നു. തിരഞ്ഞെടുപ്പിനുശേഷം ഇത് 600 ആയി ഉയരും. എന്നാൽ അവയെല്ലാം കടലാസിൽ മാത്രമാവും ഉണ്ടാവുക." മോദി പരിഹസിച്ചു.