പുത്തൂർ: ഛത്തീസ്ഗഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മലയാളി യുവതി രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഛത്തീസ്ഗഡ് ആഭ്യന്തര വകുപ്പ് ജീവനക്കാരിയായിരുന്ന ഇവരെ അവിടത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൊല്ലം റൂറൽ പൊലീസിന്റെ സഹായത്തോടെയാണെത്തിച്ചത്.
ഛത്തീസ്ഗഡ് ഡി.ജി.പി മുകേഷ് ഗുപ്തയുടെ പഴ്സണൽ സ്റ്റെനോ ആണ് രേഖ നായർ. സസ്പെൻഷനിലായ ഇവരുടെ അറസ്റ്റ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരിക്കുകയാണ്. 2015 ലാണ് കേസിനാസ്പദമായ സംഭവം. 300 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയത്. വരും ദിവസങ്ങളിലും കേരളത്തിൽ കൂടുതൽ പരിശോധനകളുണ്ടാകുമെന്നാണറിയുന്നത്.
രേഖ നായരെക്കുറിച്ച് നാട്ടുകാർക്ക് കൂടുതൽ അറിവൊന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ ജോലികിട്ടി. പിന്നീട് സഹോദരിമാരെയും കൊണ്ടുപോയി. ഇവരെല്ലാം കുടുംബസമേതം അവിടെയാണ് താമസം. പുത്തൂർ കൈതക്കോട്ടെ വസതി പതിവായി പൂട്ടിക്കിടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വല്ലപ്പോഴും ഇവർ നാട്ടിലെത്തുമ്പോൾ മാത്രമാണ് വീട് തുറക്കുന്നത്. നാട്ടിൽ അനധികൃത സമ്പാദ്യം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കും.