ന്യൂഡൽഹി: 2019ലെ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. താനൊരു ഭാവി പ്രവചനക്കാരനല്ല. അതുകൊണ്ട് എത് മുന്നണി അധികാരത്തിലെത്തുമെന്ന് പറയാനാവില്ല. എങ്കിലും ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും രാഹുൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ അധികാരത്തിലെത്താൻ പോവുകയാണ്. എന്നാൽ, അടുത്ത പ്രധാനമന്ത്രി താനായിരിക്കുമോയെന്ന് പറയാനാവില്ല. അത് തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. ജമ്മു കാശ്മീർ വിഷയത്തിൽ ബി.ജെ.പിക്ക് ഒരു നയവുമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ റദ്ദാക്കാനുള്ള നീക്കമാണ് മോദി നടത്തുന്നത്. എന്നാൽ, തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളെ കുറിച്ച് മോദി സംസാരിക്കുന്നില്ല. മോദിക്ക് കൃത്യമായ വിദേശനയം ഇല്ല. അദ്ദേഹത്തിന് തോന്നുന്നത് പോലെയാണ് ഒാരോ ദിവസവും പെരുമാറുന്നത്. രാഹുൽ കുറ്റപ്പെടുത്തി.