പറവൂർ : പ്രകൃതിയെ സംരക്ഷിക്കുന്ന വികസന നയവുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെന്ന് വി. മുരളീധരൻ എം.പി പറഞ്ഞു. വഴിക്കുളങ്ങരയിലെ ശാന്തിവനം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ജീവിത സൗകര്യം ഒരുക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം എക്കാലത്തും ജീവിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രകൃതി സമ്പത്ത് സമൂഹത്തിൽ നിലനിൽക്കേണ്ടതുണ്ട്. ആവാസവ്യവസ്ഥയേയും ജൈവവ്യവസ്ഥയേയും തകർക്കാതെയുള്ള വികസനമാണ് കാലഘട്ടത്തിന് ആവശ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആവാസവ്യവസ്ഥയുടെ മുകളിൽ കൂടി തന്നെ ലൈൻ വലിക്കണമെന്ന നിർബന്ധം ആരുടെയൊക്കെയോ സ്ഥാപിത താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ്. എന്തിനാണ് സർക്കാർ ഇത്ര കർക്കശ ബുദ്ധിയോടെയുള്ള നിലപാടെടുക്കുന്നത്. രാഷ്ട്രീയ രംഗത്തുള്ളവരും ഉദ്യോഗസ്ഥതലത്തിലുള്ളവരുമായ ചിലരുടെ ധാരണയുടെ അടിസ്ഥാനത്തിലാണോ ഇതെല്ലാം നടക്കുന്നതെന്ന് സംസ്ഥാന സർക്കാർവ്യക്തമാക്കണം. ഇപ്പോൾ ഇത് ഒരു പ്രാദേശിക പ്രശ്നമാണ്. ഇതിവിടെ അവസാനിക്കാൻ പോകുന്നില്ല. . പ്രകൃതിയെ സംരക്ഷിക്കുമെന്ന് വാക്ക് നൽകി അധികാരത്തിൽ വന്ന സർക്കാരിന്റെ നയങ്ങൾക്ക് കടകവിരുദ്ധമായകാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. . കച്ചവട താല്പര്യങ്ങൾക്ക് അപ്പുറത്ത് ജന താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന നിലപാട് സ്വീകരിക്കണമെന്നും വി. മുരളീധരൻ എം.പിപറഞ്ഞു.