യൂറോപ്പ ലീഗ് ഒന്നാം പാദ സെമി: അഴ്സനലിന് ജയം, ചെൽസിക്ക് സമനില
ലണ്ടൻ: യൂറോപ്പ ലീഗ് ഒന്നാംപാദ സെമിയിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സനൽ സ്പാനിഷ് ക്ലബ് വലൻസിയയെയാണ് കീഴടക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സനലിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്നശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ആഴ്സനലിന്റെ ജയം.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് തകർപ്പനൊരു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ മാക്റ്രർ ഡിയാക്കബി വലൻസിയയെ മുന്നിലെത്തിച്ചു. എന്നാൽ അവരുടെ സന്തോഷം അധികനേരം നീണ്ടില്ല. പതിനെട്ടാം മിനിറ്റിൽ ലക്കാസെട്ടെയിലൂടെ ആഴ്സനൽ മുന്നിലെത്തി. അയൂബ്മെയാഗ് നൽകിയ പാസാണ് ലക്കാസെട്ടെ ഗോളാക്കി മാറ്രിയത്. അധികം വൈകാതെ 25-ാം മിനിറ്രിൽ ലക്കാസെട്ടെ തന്നെ ആഴ്സനലിന് ലീഡ് സമ്മാനിച്ചു. ഗ്രാനിറ്ര് ഷാക്കെ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ ലക്കാസെട്ടെ ഗോൾപോസ്റ്രിലേക്ക് തിരിച്ചുവിടുകയായിരുന്നു. വലൻസിയ ഗോളി നെറ്രൊ പന്ത് തട്ടിയെങ്കിലും റഫറി ഗോൾ ലൈൻ ടെക്നോളജിയിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു. കളിതീരാറാകവെ രണ്ടാം പകുതിയുടെ തൊണ്ണൂറാം മിനിറ്റിൽ അയൂബ്മെയാഗ് ഗണ്ണേഴ്സിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. കൊളാസിനാക്കിന്റെ പാസിൽ നിന്നായിരുന്നു അയൂബ്മെയാഗിന്റെ ഗോൾ. സ്വന്തം തട്ടകത്തിൽ ഒമ്പതിന് രാത്രി നടക്കുന്ന രണ്ടാം പാദത്തിൽ മികച്ച ജയം നേടിയാൽ മാത്രമേ വലൻസിയയ്ക്ക് ഫൈനലിൽ എത്താനാകൂ.
അതേസമയം മറ്രൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് എയിൻട്രാക്റ്ര് ഇംഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയെ സമനിലയിൽ തളച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി. എയിൻട്രാക്റ്രിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 23-ാം മിനിറ്റിൽ ലൂക്കാ ജോവിക്ക് ആതിഥേയരെ മുന്നിലെത്തിച്ചു. തുടർന്ന് നാല്പത്തഞ്ചാം മിനിറ്റിൽ പെഡ്രോ നേടിയ ഗോളിലാണ് ചെൽസി സമനിലകൊണ്ട് തടിതപ്പിയത്. എവേ ഗോളിന്റെ ആനുകൂല്യം ചെൽസിക്കുണ്ട്. ഒമ്പതിന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്രാംഫോർഡ് ബ്രിഡ്ജിലാണ് രണ്ടാം പാദം.