തിരുവനന്തപുരം: കാസർകോഡ് മണ്ഡലത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ ലീഗ് രംഗത്തെത്തി. ലീഗ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം നിരന്തരമായി ആവശ്യപ്പെട്ടതിന്റെ പേരിലാണ് ടിക്കാറാം മീണയുടെ വാർത്താ സമ്മേളനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു.
കള്ളവോട്ട് പോലുള്ള കാര്യങ്ങളിൽ തെറ്റിനെ തെറ്റായി കാണണമെന്ന നിലപാടാണ് ലീഗിനുള്ളത്. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കണം. കൂടുതൽ കാര്യങ്ങൾ കണ്ണൂർ ജില്ലാ ലീഗ് കമ്മിറ്റിയോട് ചോദിച്ചിട്ട് മാത്രമേ പറയാനാകൂ. പക്ഷേ, ഏകപക്ഷീയമായി സി.പി.എമ്മിനെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ടിക്കാറാം മീണ ബാലൻസ് ചെയ്തതാകാം എന്നാണ് ഊഹമെന്ന് മജീദ് പറഞ്ഞു.
ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫയിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ.എം. എന്നിവർ കള്ളവോട്ട് ചെയ്തതായാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചത്. മുഹമ്മദ് ഫയിസ് രണ്ട് ബൂത്തിൽ വോട്ടുചെയ്തു. അബ്ദുൾ സമദ് ഒരേ ബൂത്തിൽ രണ്ടുതവണ വോട്ടു ചെയ്തു. മുഹമ്മദ് കെ എം മൂന്നുതവണ ബൂത്തിലെത്തി. മുഹമ്മദ് ഗൾഫിലുള്ള സക്കീറിന്റെ വോട്ടും രേഖപ്പെടുത്തി. അതേസമയം നാലാമനായ ആഷിഖിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു