ന്യൂഡൽഹി: കോൺഗ്രസ് നൽകിയ പരാതിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ളീൻ ചിറ്റ് നൽകി. അതേസമയം, ആദിവാസി വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മറുപടി നൽകാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കമ്മിഷൻ മേയ് 7 വരെ സാവകാശം നൽകി.
പ്രചാരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസ്‌താവനകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഏകപക്ഷീയമല്ലെന്ന് സൂചന. മൂന്നംഗ കമ്മിഷനിൽ ഒരംഗത്തിന്റെ വിയോജിപ്പോടെയാണ് മോദിക്ക് ക്ളീൻ ചിറ്റ് നൽകിയതെന്നാണ് സൂചന. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ കൂടാതെ കമ്മിഷണ അംഗങ്ങളായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരാണ് കമ്മിഷനിലുള്ളത്. ഇതിൽ ആരാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് മഹാരാഷ്‌ട്രയിലെ വാർധയിൽ മോദി നടത്തിയ പ്രസംഗത്തിൽ വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി ഭൂരിപക്ഷ സമുദായ മേഖലയിൽ നിന്ന് ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടുകയാണെന്ന് പരിഹസിച്ചതും ഏപ്രിൽ 9ന് ലാത്തൂരിലെ റാലിയിൽ ബാലാക്കോട്ടിൽ ആക്രമണം നടത്തിയ സൈനികരുടെയും പുൽവാമ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെയും പേരിൽ വോട്ടു ചോദിച്ചതും ചട്ടലംഘനമല്ലെന്ന തീരുമാനത്തിലാണ് ഒരംഗം വിയോജിപ്പ് പ്രകടിപ്പിച്ചത്. കമ്മിഷന്റെ എല്ലാ തീരുമാനങ്ങളും അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിക്കണമെന്നാണ് ചട്ടം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും അംഗങ്ങളും തമ്മിൽ ഭിന്നതയുണ്ടെങ്കിൽ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുക്കാം.
വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ കളിയാക്കി നടത്തിയ പ്രസ്താവന ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നതു പ്രകാരം മതം, വംശം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ രണ്ടു വിഭാഗം ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്തുന്നതാണോ എന്നു പരിശോധിച്ച കമ്മിഷൻ 2-1 ഭൂരിപക്ഷത്തിൽ മോദിക്ക് ക്ളീൻ ചിറ്റ് നൽകിയെന്നാണ് സൂചന.
രാജസ്ഥാനിലെ ബാർമറിൽ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ആണവ ആയുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാൻ വച്ചതല്ലെന്ന് പാകിസ്ഥാൻ മനസിലാക്കണമെന്ന് പറഞ്ഞതും പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.
എതിപ്പ് ഉയർന്ന പരാമർശം
''കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ മത്സരിക്കാതെ അവർ മറ്റിടങ്ങളിലേക്ക് മത്സരിക്കാൻ പോകുന്നത്"(മഹാരാഷ്ട്രയിലെ വാർദ്ധയിൽ പറഞ്ഞത്)
''പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കും ബാലാകോട്ടിൽ തിരിച്ചടി നൽകിയവർക്കുമാകട്ടെ നിങ്ങളുടെ ആദ്യ വോട്ടുകൾ" ( മഹാരാഷ്ട്രയിലെ ലാത്തൂരിൽ കന്നിവോട്ടർമാരോട് പറഞ്ഞത്.)