ipl

കൊ​ൽ​ക്ക​ത്ത പഞ്ചാബിനെ കീഴടക്കി സ​ന്ദീ​പ് ​വാ​ര്യ​ർ​ക്ക് ​ര​ണ്ട് ​വി​ക്ക​റ്ര്

മൊഹാലി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്ര്‌റൈഡേഴ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.
ആദ്യം ബാറ്ര് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് നിശ്ചിത ഇരുപതോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി.മറുപടിക്കിറങ്ങിയ കൊൽക്കത്ത 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു ( 185/3 ).

24 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ തകർത്തടിച്ച് 55 റൺസുമായി പുറത്താകാതെ നിന്ന സാം കറന്റെ ഇന്നിംഗ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. നിക്കോളാസ് പൂരൻ 27 പന്തിൽ 4 സിക്സും 3 ഫോറും ഉൾപ്പെടെ 45 റൺസടിച്ച് പഞ്ചാബ് ഇന്നിംഗ്സിന് മികച്ച സംഭാവന നൽകി. മായങ്ക് അഗർവാൾ (26 പന്തിൽ 36), മന്ദീപ് സിംഗ് (17 പന്തിൽ25) എന്നിവരും നന്നായി കളിച്ചു. കൊൽക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തി മിന്നിത്തിളങ്ങി. വെടിക്കെട്ട് ഓപ്പണർമാരായ ക്രിസ് ഗെയ്ലും (14), കെ.എൽ. രാഹുലുമാണ് (2) സന്ദീപിന്റെ ഇരകളായത്. 4 ഓവറിൽ 31 റൺസ് വഴങ്ങിയാണ് സന്ദീപിന്റെ രണ്ട് വിക്കറ്റ് നേട്ടം.

മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗില്ലും (പുറത്താകാതെ 49 പന്തിൽ 65, 5 ഫോർ,2 സിക്സ്), ക്രിസ് ലിന്നും ( 22 പന്തിൽ 46, 5 ഫോർ, 3 സിക്സ് ) തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്രിൽ 6 ഓവറിൽ 62 റൺസ് അടിച്ചെടുത്തു. ലിന്നിനെ ആൻ‌ഡ്രൂ ടൈ സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ബാറ്റിംഗിനെത്തിയ റോബിൻ ഉത്തപ്പ (14 പന്തിൽ 22), ആന്ദ്രേ റസ്സൽ (14 പന്തിൽ 24), ദിനേഷ് കാർത്തിക്ക് (9 പന്തിൽ 21) എന്നിവരും നിർണായക സംഭാവന നൽകി. പഞ്ചാബിനായി ഷമി, അശ്വിൻ, ടൈ എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.