bobbysanjay

പ്രമേയത്തിലെ വ്യത്യസ്ത കൊണ്ട് സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധ നേടിയതായിരുന്നു ഉയരെ എന്ന ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ബോബി സഞ്ജയ് ജോഡികളാമ് ഉയരെയ്ക്കും രചന നിർവഹിച്ചത്. എന്റെ വീട് അപ്പുവിന്റെയും എന്ന ആദ്യചിത്രത്തിൽ തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ ഉയരെയിലുൾപ്പെടെ 'ബാഡ് പേരന്റിങ്ങിനെ' തുറന്നുകാണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. കുട്ടികൾക്ക് എന്തും തുറന്നുപറയാനുള്ള സാഹചര്യം മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണമെന്ന് ഇവർ പറയുന്നു. ആസിഡ് ആക്രമണം പോലുള്ള സംഭവങ്ങൾക്ക് വഴിയൊരുക്കുന്നത് ബാഡ് പാരന്റിംഗാണെന്ന് സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നു.

''കുട്ടികൾക്ക് എന്തും തുറന്നുപറയാനുള്ള സാഹചര്യം മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണം. അങ്ങനെയൊരു സാഹചര്യമില്ലെങ്കിൽ, ഒന്നും ആരോടും തുറന്നുപറയാകാതെ കുട്ടികൾ കടുത്ത മാനസികപ്രയാസമനുഭവിച്ചേക്കാം. ഒരു സുഹൃത്തുണ്ടെന്ന് നമ്മൾ കരുതിയേക്കാം. പക്ഷേ ആരോടും പറയാതെ കുട്ടികൾ ഉള്ളിലൊതുക്കുന്ന ചില കാര്യങ്ങളുണ്ട്. നല്ല സുഹൃത്തുക്കളാകണം നല്ല രക്ഷിതാക്കൾ. നോട്ട്ബുക്ക് മുതലുള്ള ചിത്രങ്ങളിലൂടെ ഇതിനെ തുറന്നുകാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളുടെയും രക്ഷിതാക്കളുമായുള്ള ബന്ധം നോക്കിയാൽ ഇത് മനസിലാകും.

ആർത്തവത്തെക്കുറിച്ചും ശാരീരിക മാറ്റങ്ങളെക്കുറിച്ചുമെല്ലാം അമ്മമാർ പെൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. പക്ഷേ നമ്മുടെ അച്ഛന്മാർ ആൺകുട്ടികളോട് അത്തരം കാര്യങ്ങൾ പറയാറോ പങ്കുവെക്കാറോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ലൈംഗികത പോലുള്ള കാര്യങ്ങൾ ആൺകുട്ടികൾ അറിയുന്നത് പലപ്പോഴും മൂന്നാംകിട മാഷുമാരിൽ നിന്നാണ്. സ്കൂളിൽ മുതിർന്ന ക്ലാസുകളിൽ പഠിക്കുന്നവർ പറയുന്ന കാര്യങ്ങളിലൂടെയും അശ്ലീല പുസ്തകങ്ങളിലൂടെയുമാണ് ഒരാണ് വളരുന്നത്. സ്ത്രീകളോടുള്ള സമീപനത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണവും ഇത് തന്നെ.

നമ്മുടെ മാതാപിതാക്കൾ ആൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കാറില്ല. ആ വിഷയങ്ങളെപ്പറ്റി മാത്രം സംസാരിക്കില്ല. മിണ്ടാൻ പാടില്ലാത്ത ഒരു കാര്യമായി നമ്മളത് മാറ്റിവെക്കും. അവരെങ്ങനെയെങ്കിലും അറിഞ്ഞോട്ടെ എന്ന് കരുതും. തരം താണ സുഹൃത്തുക്കളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് അവരിതെല്ലാം അറിയുന്നത്. പേരന്റിങ്ങിന്റെ അത്യാവശ്യ ഭാഗങ്ങളിലൊന്നാണത്.

കൗമാരകാലത്ത് എതിർലിംഗത്തിലുള്ളവരോട് തോന്നുന്ന ആകർഷണം, ഹോർമോണൽ വ്യതിയാനം എന്നിവയെക്കുറിച്ചെല്ലാം ആൺകുട്ടികളുടെ അച്ഛന്മാർക്ക് അറിയാമല്ലോ. ഇതെന്തുകൊണ്ടാണ് നമുക്കിടയിൽ തുറന്ന ചർച്ചയാകാത്തത്? എന്നുമുതലാണ് ഇതൊരു രഹസ്യമായി മാറിയത്? ഇതൊരു രഹസ്യമായിരിക്കുന്നതുകൊണ്ടാണ് ഇവിടെ ജെൻഡർ വയലൻസ് ഉണ്ടാകുന്നത്. പെട്രോളൊഴിക്കുന്നതും, ആസിഡൊഴിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. എങ്ങനെയൊരു സ്ത്രീയെ കാണണം, ഒരു സ്ത്രീ-പുരുഷ ബന്ധത്തെ കാണണം എന്നതിനെക്കുറിച്ച് അച്ഛന്മാരും ആൺകുട്ടികളും തമ്മിൽ തുറന്ന ചർച്ചയുണ്ടാകാത്തതിന്റെ പ്രശ്നങ്ങളാണ്.

പെൺമക്കൾക്ക് അമ്മമാരുണ്ട്. അതുകൊണ്ടാണ് ഒരു പെൺകുട്ടി ആൺകുട്ടിക്ക് നേരെ ആസിഡ് ഒഴിക്കാത്തത്''-ബോബിയും സഞ്ജയും പറഞ്ഞു.