വാഷിങ്ടൺ: പാകിസ്ഥാൻ സമ്പദ്‍വ്യവസ്ഥ താഴോട്ട് പോകുമ്പോഴും യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കാതിരിക്കുമ്പോഴും ഇന്ത്യയെ അവർ ഭീഷണിയായി കാണുന്നുവെന്ന് മുൻ സി.ഐ.എ തലവൻ മൈക്കൽ മൊറേൽ. നിലവിൽ ലോകത്തെ ഏറ്റവും ഭീഷണിയുയർത്തുന്ന രാജ്യമാണ് പാകിസ്ഥാൻ, ഇന്ത്യക്കെതിരെ ഭീകര സംഘടനകളെ ആയുധമാക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. രു പോഡ്കാസ്റ്റ് ചർച്ചയിലാണു മോറൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
പാകിസ്താൻ സർക്കാരിന്റെ കണ്ണുവെട്ടിച്ച് അബോട്ടാബാദിൽ അൽഖ്വയിദ തീവ്രവാദി ഉസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനിൽ മുഖ്യ പങ്ക് വഹിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകരസംഘടനളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ല. അത് അവരെത്തന്നെ തിരിച്ച് കൊത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുവാക്കൾക്ക് തൊഴിൽ നൽകാൻ പാകിസ്ഥാന് കഴിയുന്നില്ല, വിദ്യാഭ്യാസ മേഖലയും തകർന്നിരിക്കുകയാണ്. ഇന്ത്യയെ അവർ ഇപ്പോഴും ഭീഷണിയായി കാണുന്നു. അതുകൊണ്ട് തന്നെ സൈന്യത്തിന് അവർ കൂടുതൽ സമ്പത്തും കരുത്തും അധികാരവും നൽകുന്നു. സർക്കാരിന് ചെറിയ തോതിൽ മാത്രമേ പാകിസ്ഥാനിൽ അധികാരമുള്ളു എന്നും മൈക്കൽ മൊറേൽ പറഞ്ഞു.