തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി, പട്ടത്ത് മെട്രോയ്ക്കായുള്ള മേൽപ്പാലം നിർമ്മിക്കാനുള്ള ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കി. കവടിയാർ, പട്ടം വില്ലേജുകളിലായി 31.34ആർ സ്ഥലമെടുക്കാനാണ് റവന്യൂ (ബി) വകുപ്പിന്റെ ഉത്തരവ്. പട്ടത്ത് അഞ്ചും കവടിയാറിൽ രണ്ടും പാർട്ടുകളിലുള്ള സ്ഥലമേറ്റെടുക്കാൻ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. 2013ലെ ഭൂമിയേറ്റെടുക്കൽ ആക്ടിലെ ചട്ടങ്ങൾ പാലിച്ചാവും സ്ഥലമെടുപ്പ്. പട്ടത്ത് വീതിയേറിയ ഇരുനില മേൽപ്പാലം വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. ശ്രീകാര്യം മേൽപ്പാലത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെ 21.48 കിലോമീറ്ററിലാണ് ലൈറ്റ് മെട്രോ.
84.60 കോടിയാണ് മേൽപ്പാല നിർമ്മാണത്തിനുള്ള ചെലവ്. മുകളിൽ ലൈറ്റ് മെട്രോ ട്രാക്കും താഴെ രണ്ടുവരി റോഡും സഹിതമാണ് പാലം നിർമ്മിക്കുക. സ്ഥലമെടുപ്പിനുള്ള നടപടിക്രമങ്ങൾ ജില്ലാഭരണകൂടം ഉടൻ തുടങ്ങും. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ലിട്ട് സാമൂഹ്യ ആഘാതപഠനം പൂർത്തിയാക്കിയ ശേഷം, പൊതുപദ്ധതിക്കായി ഭൂമി വിട്ടുനൽകണമെന്ന് ഉടമകൾക്ക് കളക്ടർ നോട്ടീസ് നൽകും. ഭൂവുടമകളുമായി നേരിട്ട് ചർച്ചനടത്തി ഭൂമിയുടെ വില നിശ്ചയിക്കാനുള്ള ഡയറക്ട് പർച്ചേസ് മാതൃക നടപ്പാക്കാനാണ് തീരുമാനം. ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഭൂമിക്ക് വില നിശ്ചയിക്കേണ്ടത്. വിജ്ഞാപനമിറക്കിയ ശേഷം നടപടിക്രമങ്ങളെല്ലാം പാലിച്ചുള്ള ഭൂമിയേറ്റെടുക്കൽ രീതി തുടർന്നാൽ പദ്ധതി നടത്തിപ്പിന് ഏറെ കാലതാമസമുണ്ടാകും. ഡയറക്ട് പർച്ചേസ് രീതിയിലാണെങ്കിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാം. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന് കളക്ടറുടെ സമിതി ഡയറക്ട് പർച്ചേസ് വഴിയാണ് ഭൂമിയേറ്റെടുത്തത്. ഇതിനുപുറമേ ഭൂമിയേറ്റെടുക്കേണ്ട സ്വകാര്യവ്യക്തികളുമായി നഷ്ടപരിഹാര പാക്കേജുണ്ടാക്കാൻ ജില്ലാഭരണകൂടം ചർച്ച നടത്തും. പാക്കേജിന് അന്തിമരൂപം നൽകിയ ശേഷം ഭൂമിയേറ്റെടുക്കാൻ ജില്ലാകളക്ടർ അന്തിമവിജ്ഞാപനമിറക്കും.
രണ്ടുതട്ടായാണ് പട്ടത്ത് മേൽപ്പാലം വരുന്നത്. ദേശീയപാതയുടെ മദ്ധ്യത്തിലെ ഡിവൈഡറിൽ സ്ഥാപിക്കുന്ന 1.6 മീറ്റർ വ്യാസമുള്ള തൂണുകൾക്ക് മുകളിലാണ് ലൈറ്റ് മെട്രോ ഓടുക. ഡിവൈഡറുകൾക്ക് രണ്ടരമീറ്റർ വീതിയാണ് വേണ്ടത്. താഴേതട്ടിൽ അഞ്ചരമീറ്റർ വീതിയിൽ പില്ലറുകൾക്ക് ഇരുവശവുമായി രണ്ടുവരിയിൽ വാഹനങ്ങൾക്ക് സർവീസ് നടത്താം. നിലവിലെ റോഡുകളിൽ ഗതാഗതം നിറുത്തിവയ്ക്കാതെയാവും പുതിയ മേൽപ്പാലത്തിന്റെ നിർമ്മാണം. പട്ടത്ത് 39 കെട്ടിടങ്ങൾ പാലത്തിനായി പൊളിക്കേണ്ടി വരും. മേൽപ്പാലം വരുന്നതോടെ മെഡിക്കൽകോളേജ് ആശുപത്രി, ആർ.സി.സി, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കുള്ള പാതയിലെ കുരുക്കഴിയും. സിഗ്നൽ കാത്തുകിടക്കുന്നതും ഒഴിവാകും. രോഗികളുമായെത്തുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് ഇവിടെ പതിവാണ്. ഉള്ളൂർ, ശ്രീകാര്യം, പട്ടം ജംഗ്ഷനുകളിലെ ഇടറോഡുകൾ കൂടി ഉൾപ്പെടുത്തി ജംഗ്ഷൻ വികസന പദ്ധതിയും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
എലിവേറ്റർ, ലിഫ്റ്റ് സംവിധാനത്തിലൂടെയാണ് യാത്രക്കാരെ മേൽപ്പാലത്തിലേക്ക് എത്തിക്കുക. പാലത്തിനു മുകളിലാവും ടിക്കറ്റ് കൗണ്ടർ. ലൈറ്റ് മെട്രോയ്ക്ക് ഭൂമിയേറ്റെടുക്കാൻ 22 അംഗങ്ങളുള്ള ലാൻഡ് അക്വിസിഷൻ യൂണിറ്റിന് നേരത്തേ സർക്കാർ രൂപംനൽകിയിരുന്നു. ഒമ്പത് വില്ലേജുകളിൽ നിന്ന് 10.13 ഏക്കർ ഭൂമിയാണ് മൊത്തം ഏറ്റെടുക്കേണ്ടത്. ജില്ലാ കളക്ടറും ലാൻഡ് റവന്യൂ കമ്മിഷണറും സ്ഥലമെടുപ്പിന് മേൽനോട്ടം വഹിക്കും. മൊത്തം ഭൂമിയേറ്റെടുക്കലിന് 341 കോടി രൂപ ചെലവുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കായി പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്, ഉള്ളൂർ, പട്ടം, കവടിയാർ, വഞ്ചിയൂർ, തൈക്കാട് വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്. എൻജിനിയറിംഗ് വിഭാഗത്തിനും യാർഡിനും ഡിപ്പോയ്ക്കുമായി പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപത്തെ 19.54 ഏക്കർ ഭൂമി റവന്യൂവകുപ്പ് പതിച്ചുനൽകിയിട്ടുണ്ട്.
പട്ടത്തും പ്ലാമൂട്ടിലും മെട്രോ സ്റ്റേഷനുകളുണ്ട്. പട്ടത്ത് പി.എസ്.സി കവാടം കഴിഞ്ഞുള്ള ബസ്സ്റ്റോപ്പിനടുത്തായാണ് ഒരു സ്റ്റേഷൻ. രണ്ടാമത്തേത് സ്വകാര്യഭൂമിയിൽ.
പ്ലാമൂട്ടിൽ രണ്ട് സ്റ്റേഷനുകൾക്കും സ്വകാര്യഭൂമി ഏറ്റെടുക്കണം. സ്റ്റേഷനുകൾക്കായി ഏറ്റവും മിനിമം സ്ഥലമാണ് ഏറ്റെടുക്കുന്നത്. 13 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള ഏകദേശം 14 സെന്റ് സ്ഥലമാണ് ഏറ്രെടുക്കുക. യാത്രക്കാരെ മുകളിലേക്ക് എത്തിക്കാൻ എലിവേറ്റർ, പടികൾ, ലിഫ്റ്റ് എന്നിവ മാത്രമേ ഈ സ്ഥലത്തുണ്ടാവൂ. ടിക്കറ്റ് കൗണ്ടറിനായും പ്രത്യേകം സ്ഥലമെടുക്കുന്നില്ല. ടിക്കറ്റെടുക്കുന്നത് മുകളിലെ പ്ലാറ്റ്ഫോമിലെത്തിയാണ്.
പട്ടം മേൽപ്പാലം
ദൈർഘ്യം - 570 മീറ്റർ
(പി.എസ്.സി മുതൽ പ്ലാമൂട് വരെ)
വേണ്ടഭൂമി - 0.3134 ഹെക്ടർ
ഭൂമിക്ക് - 29.40 കോടി
നിർമ്മാണത്തിന് - 84.60 കോടി