തിരുവനന്തപുരം : എയർപോർട്ടിന് സമീപം റെഡ് സോണിൽ സർക്കാർ പദ്ധതിയുടെ സഹായത്തോടെ വീട് നിർമ്മിക്കുന്നവർക്ക് സൗജന്യമായി എൻ.ഒ.സി ലഭ്യമാക്കാനുള്ള നടപടികൾ ഫയലിൽ ഒതുങ്ങി. റെഡ് സോണിൽ ഉൾപ്പെട്ട പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഗുണഭോക്താക്കൾക്ക് കെട്ടിട നിർമാണ അനുമതിയും ഒക്കുപൻസി സർട്ടിഫിക്കറ്റും ലഭിക്കുന്നതിനുള്ള എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ എൻ.ഒ.സി സൗജന്യമായി നൽകാനായിരുന്നു തീരുമാനം. എൻ.ഒ.സിക്ക് ആവശ്യമാകുന്ന തുക നഗരസഭയും എയർപോർട്ട് അതോറിട്ടിയും തുല്യമായി വീതിക്കാനും ധാരണയായി. ഇക്കാര്യം ഫെബ്രുവരിയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പാസാക്കുകയും ചെയ്തു.
എന്നാൽ 15 ലക്ഷത്തോളം രൂപ ഇതിനായി നഗരസഭയ്ക്ക് മാത്രം ചെലവാകുമെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥതലത്തിൽ തന്നെ ഫയൽ കുഴിച്ചുമൂടിയെന്നാണ് വിവരം. അതേസമയം എയർപോർട്ട് അതോറിട്ടി പകുതി തുക നൽകാമെന്ന സന്നദ്ധത അറിയിച്ച് ഗുണഭോക്താക്കളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് നഗരസഭയ്ക്ക് കത്തും നൽകി കാത്തിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം മുന്നോട്ടുപോയെങ്കിലും പിന്നീട് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. എയർപോർട്ട് അതോറിട്ടിയും നഗരസഭയും തമ്മിൽ നടത്തിയ പ്രാഥമിക ചർച്ചയുടെ അിടസ്ഥാനത്തിൽ എൻ.ഒ.സിക്കാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന ഏജൻസികളിൽ നിന്ന് നഗരസഭ ക്വട്ടേഷൻ ക്ഷണിച്ചു. കുറഞ്ഞ തുക ക്വാട്ടു ചെയ്ത ഡി.ബി കൺസൾട്ടിംഗ് സർവീസുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു എൻ.ഒ.സി തയ്യാറാക്കി നൽകാൻ 4,000 രൂപയാണ് നഗരസഭയും എയർപോർട്ട് അതോറിട്ടിയും ചേർന്ന് ഏജൻസിക്ക് നൽകേണ്ടത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയെങ്കിലും തുക ചെലവഴിക്കേണ്ട ഘട്ടമായതോടെ മെല്ലെപ്പോക്കായി.
സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കി തയ്യാറാക്കുന്ന സൈറ്റ് എലിവേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് എൻ.ഒ.സി നൽകുന്നത്. ചില സ്വകാര്യ കമ്പനികൾ പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഇതിനായി ഈടാക്കിയിരുന്നത്. ഇത് പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് നഗരസഭ ഇടപെട്ടത്. എന്നാൽ കൗൺസിൽ തീരുമാനമെടുത്തതിന് പിന്നാലെയുള്ള നടപടികളൊന്നും നഗരസഭ എയർപോർട്ട് അതോറിട്ടിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. പകുതി പണം നൽകണമെങ്കിൽ കരാർ ഉറപ്പിച്ച തുക അടക്കമുള്ള വിവരങ്ങൾ വിമാനത്താവള അതോറിട്ടിയെ രേഖാമൂലം അറിയിക്കണം. എന്നാൽ എൻ.ഒ.സിക്ക് ചെലവ് വരുന്ന തുക പകുതി വീതം വഹിക്കാമെന്ന തീരുമാനത്തിനപ്പുറം മറ്റ് വിവരങ്ങളൊന്നും നഗരസഭ അറിയിച്ചിട്ടില്ലെന്ന് വിമാനത്താവള അതോറിട്ടി അധികൃതർ അറിയിച്ചു.
പെർമിറ്റുണ്ട്, ടി.സി ഇല്ല
പി.എം.എ.വൈ പദ്ധതിയിൽപ്പെട്ട 1500 ഓളം വീടുകൾ റെഡ് സോണിൽ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 442 ഓളം വീടുകളുടെ പണി പൂർത്തിയായതാണ്. പെർമിറ്റ് നൽകിയ ശേഷം പണി പൂർത്തിയാക്കിയെങ്കിൽ ടി.സി നൽകണമെന്നാണ് കെട്ടിട നിർമ്മാണ ചട്ടം. ഇത് നഗരസഭയുടെ ചുമതലയാണ്. എന്നാൽ എയർപോർട്ട് അതോറിട്ടിയുടെ എൻ.ഒ.സി ഇല്ലെന്ന പേരിൽ ടി.സി നൽകുന്നത് നിറുത്തിവച്ചിരിക്കുകയാണ്. ടി.സി കിട്ടാത്തതിനാൽ കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ പോലും എടുക്കാനാവാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് പരാതി നൽകുകയും എയർപോർട്ട് അതോറിട്ടി ഓംബുഡ്സ്മാന് മുന്നിൽ നിലപാട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ നഗരസഭ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ പറഞ്ഞു.
റെഡ്സോൺ ഇങ്ങനെ
ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ, വള്ളക്കടവ്, വലിയതുറ എന്നീ വാർഡുകൾ പൂർണമായും പെരുന്താന്നി, ചാക്ക, ശ്രീവരാഹം, പുത്തൻപള്ളി, മുട്ടത്തറ എന്നീ വാർഡുകൾ ഭാഗികമായും റെഡ് സോണിൽ ഉൾപ്പെടുന്നു. ഇതിന് തൊട്ടടുത്തായിട്ടുള്ള മറ്റു ചില വാർഡുകളെ നീല, പർപ്പിൾ, മഞ്ഞ, ഗ്രേ, ഇളം നീല, ഇളം പർപ്പിൾ, ഇളം പച്ച സോണുകളിലായും പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.