തിരുവനന്തപുരം: കടപ്പുറത്തിന്റെ വിശ്വാസമനുസരിച്ച് പെൺകുട്ടികൾക്ക് കടലിനോടടുക്കുന്നതിന് പരിധികളും പരിമിതികളും ഏറെയാണ്. ആഗ്രഹങ്ങളുടെ മുനയൊടിക്കാൻ വിശ്വാസങ്ങളുടെ രൂപത്തിൽ തടസങ്ങൾ ഏറെയുണ്ട്. പ്രായപൂർത്തിയായ പെൺകുട്ടി ആർത്തവ സമയത്ത് വള്ളത്തിലോ വലയിലോ തൊട്ടാൽ അന്ന് ആ വള്ളത്തിൽ മീൻ കിട്ടില്ല എന്ന വിശ്വാസം വലിയതുറ സ്വദേശി അനീഷ അനി ബെനഡിക്ടിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായിട്ടുമുണ്ട്. എന്നാൽ അവളുടെ നിശ്ചയദാർഢ്യത്തിന് ആ വിശ്വാസങ്ങളെക്കാൾ ബലമുണ്ടായിരുന്നു. അങ്ങനെ തീരദേശത്തു നിന്നുള്ള രാജ്യത്തെ ആദ്യ പെൺ സ്കൂബ ഡൈവർ എന്ന നേട്ടം അവൾക്ക് സ്വന്തമായി. ഇല്ലായ്മയിൽ നിന്ന് നേട്ടങ്ങൾ മാത്രം കൊയ്തെടുത്ത കഥയാണ് അനീഷയുടേത്.
മത്സ്യത്തൊഴിലാളിയായ വലിയതുറ സ്വദേശി അനി ബെനഡിക്ടിന്റെ രണ്ട് പെൺമക്കളിൽ മൂത്തയാളായ അനീഷയ്ക്ക് നാല് വർഷം മുൻപ് വരെ കടലെന്ന് പറഞ്ഞാൽ കുറേ വെള്ളവും മീനുമൊക്കെയായിരുന്നു. കടലിനടുത്തുള്ള ജീവിതം അതിൽ കവിഞ്ഞുള്ള അറിവുകളൊന്നും സമ്മാനിച്ചിരുന്നുമില്ല. പത്താം ക്ലാസ് പഠനത്തിന് ശേഷം ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫ് എന്ന സംഘടനയിൽ വോളന്റിയറായി പ്രവർത്തിച്ചതാണ് കടലിനോട് കൂട്ടുകൂടാൻ ഈ ഇരുപത്താറുകാരിയെ പ്രചോദിപ്പിച്ചത്. പ്ലസ് ടു കഴിഞ്ഞ് ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജിയിൽ ബിരുദം. പിന്നീട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കീഴിൽ ആൻഡമാൻ നിക്കോബാറിൽ മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി അനീഷ. ഒട്ടും എളുപ്പമായിരുന്നില്ല പഠനം, ഇല്ലായ്മകൾ ഒരുപാടുണ്ടായിരുന്നു. പക്ഷേ തളരാൻ അനീഷയ്ക്ക് മനസുണ്ടായിരുന്നില്ല. പിന്നീട് ആൻഡമാനിൽ നിന്നു തന്നെ സ്കൂബ ഡൈവിംഗിൽ ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് നേടി.
പി.ജി പഠനകാലത്താണ് നിലവിലെ മറൈൻ സയന്റിഫിക് റിസർച്ച് സ്റ്റഡീസിന്റെ പോരായ്മകളെപ്പറ്റി അനീഷ മനസിലാക്കുന്നത്. ഫീൽഡിൽ പോയി മറ്റൊരാളെ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനങ്ങൾ നടക്കുന്നത്. അത് ഒരിക്കലും പൂർണമല്ല. മറൈൻ ബയോളജിസ്റ്റ് എന്ന നിലയിൽ ലാബ് പഠനം എന്നതിനപ്പുറത്തേക്ക് കടലിനെ അറിയണം എന്നായിരുന്നു അനീഷയുടെ പക്ഷം. അതിന് സഹായിക്കുന്ന മാർഗമായാണ് സ്കൂബ ഡൈവിംഗിനെ കണ്ടത്.
ഭൂമിയുടെ ബഹുഭൂരിപക്ഷവും വെള്ളമാണെന്ന് ചെറിയ ക്ലാസുകൾ മുതൽ പഠിച്ചിട്ടുണ്ടെങ്കിലും ആ വെള്ളത്തിന്റെ അടിയിൽ ഒരുപാട് ജൈവവൈവിദ്ധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു ആദ്യതവണത്തെ ഡൈവിംഗ് സമ്മാനിച്ചതെന്ന് പറയുന്നു അനീഷ. കരയിൽ നമ്മൾ കണ്ടെത്തിയതിലും എത്രയോ ഇരട്ടി അദ്ഭുതങ്ങളാണ് കടലിൽ കാത്തിരിക്കുന്നത്. കടലിനോടുള്ള പേടിയാണ് ഈ അദ്ഭുതങ്ങളെ തൊട്ടറിയുന്നതിൽ നിന്നു പലരെയും വിലക്കുന്നത്- അനീഷ പറയുന്നു. അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് ഈ ലോകത്ത്. പക്ഷേ അതൊന്നും കടലിനോടുള്ള അനീഷയുടെ പ്രണയത്തെ ഇല്ലാതാക്കുന്നില്ല.
2016ൽ ലൈസൻസ് നേടിയശേഷം നിരവധിതവണ കടലിനെ അറിയാൻ സഞ്ചരിച്ചിട്ടുണ്ട് അനീഷ. കടൽ പേറുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫ് മുന്നിട്ടിറങ്ങിയപ്പോൾ അനീഷയുണ്ടായിരുന്നു മുൻപന്തിയിൽ. പ്രേതവലകളും പ്ലാസ്റ്റിക് മാലിന്യങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെയാണ് ഇപ്പോൾ ഇവരുടെ പോരാട്ടം. ഇതിനിടയിലും ഒരു സന്തോഷം കൂടിയുണ്ട് ഈ പെൺകുട്ടിക്ക്, നേട്ടങ്ങൾക്കായി കഷ്ടപ്പെടേണ്ടി വന്നെങ്കിലും തന്റെ പ്രദേശത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ തകർക്കാനും ചിന്താഗതികൾക്ക് മാറ്റം വരുത്താനും തനിക്ക് കഴിഞ്ഞുവെന്ന സന്തോഷം.
ഇപ്പോൾ ജൈവവൈവിദ്ധ്യ ബോർഡിൽ ഡാറ്റാ അനലിസ്റ്റായി ജോലി നോക്കുകയാണ് അനീഷ. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയുമടങ്ങുന്ന കുടുംബത്തിനൊപ്പം മുട്ടത്തറയിലെ ഫ്ലാറ്റിലാണ് താമസം. വിവിധ ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ൽ ബ്രിട്ടീഷ് സർക്കാരിന്റെ ഡാർവിൻ സ്കോളർഷിപ്പും നേടിയിട്ടുണ്ട്. ശക്തമായി ആഗ്രഹിച്ചാൽ, അതിന് വേണ്ടി കഷ്ടപ്പെടാൻ തയ്യാറായാൽ നേട്ടങ്ങൾ കൂടെപ്പോരുമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ലഭിച്ചിരിക്കുന്നത്, അനീഷ അനി ബെനഡിക്ട് എന്ന പേരിൽ....