തിരുവനന്തപുരം: ആർത്തിരമ്പുന്ന തിരമാലകളിൽ വിനോദ സഞ്ചാരികളും കടൽ ആസ്വദിക്കാനെത്തുന്നവരും സന്തോഷത്തിന്റെ വേലിയേറ്റം ആഘോഷിക്കുമ്പോൾ കടലിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. സഞ്ചാരികളുടെ ജീവന് സുരക്ഷയൊരുക്കുന്ന ലൈഫ് ഗാർഡുമാരാണിവർ. സ്വജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഇവർ പക്ഷേ, കഠിന ദുരിതങ്ങളിലാണ് ജീവിതം പുലർത്തുന്നതെന്ന് ആരുമറിയുന്നില്ല. 1986 മുതൽ ടൂറിസം വകുപ്പ് നിയമിച്ച ലൈഫ് ഗാർഡുകളുടെ ജീവിതം അവഗണനയുടെ തിരയടിയിൽ ആടിയുലയുകയാണ്. 30 വർഷമായി ദിവസവേതനത്തിൽ രാപ്പകൽ ജോലി ചെയ്യുന്നവർ ഇവർക്കിടയിലുണ്ട്. ഇവരെ ആരെയും തന്നെ ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടുമില്ല.
പകലന്തിയോളം പണി
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ലൈഫ് ഗാർഡുകളുടെ ജോലി സമയം. പ്രതിദിന ശമ്പളം 700 രൂപയാണ്. ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടില്ല. പി.എഫ്, ഇ.എസ്.ഐ തുടങ്ങി ഒരു ആനുകൂല്യവും ഇവർക്കില്ല. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭക്ഷണം, വാഷിംഗ്, യൂണിഫോം എന്നിവയ്ക്കായി 3000 രൂപ അലവൻസ് ലഭിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ അലവൻസുകൾ വെട്ടിക്കുറച്ചതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. ഭാര്യയും മക്കളുമായി നാലും അഞ്ചും പേരടങ്ങുന്ന കുടുംബം പോറ്റാൻ ഈ തുക മതിയാകുന്നില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവും വെല്ലുവിളിയാണ്. അസുഖം വന്നാൽ പോലും അവധിയെടുക്കാനാകില്ല.
വിസിലേ ശരണം
ബീച്ചിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ ലൈഫ് ഗാർഡുമാരുടെ പക്കൽ ഇപ്പോൾ വിസിൽ മാത്രമേയുള്ളു. മൈക്ക് ഉണ്ടായിരുന്നതു തകരാറിലായി. നന്നാക്കി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. അപായ സൂചന നൽകാൻ നല്ലൊരു ഫ്ളാഗ് പോലുമില്ല. 15 വർഷം പഴക്കമുള്ള ലൈഫ് കിറ്റുകളാണ് ഇവരുടെ കൈവശമുള്ളത്. ഇവരുടെ പക്കലുള്ള റെസ്ക്യൂ ട്യൂബിന് ഭാരം താങ്ങാനുള്ള ശേഷി കുറവാണ്. തിരയിൽപെടുന്നവരെ രക്ഷിക്കാൻ ഇത് പര്യാപ്തമല്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വാട്ടർ സ്കൂട്ടർ, ഗുണമേന്മയുള്ള റെസ്ക്യൂ ട്യൂബ്, റെസ്ക്യൂ ബോർഡ്, ബൈനോക്കുലർ, വാച്ച് ടവർ എന്നിവയുണ്ട്. എന്നാൽ, ഇവിടത്തെ ലൈഫ് ഗാർഡുമാർ ജോലി ചെയ്യുന്നത് നീന്തൽ അറിയുന്നതിന്റെ മാത്രം പച്ചയിലാണ്. ഉച്ചയ്ക്ക് സമാധാനമായിരുന്നു ഭക്ഷണം കഴിക്കാനും ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള സൗകര്യം പോലും ഇവർക്കില്ല. ഇരിക്കാനായി അനുവദിച്ചിട്ടുള്ള കസേരകൾ പൊട്ടിപ്പോയതിനാൽ അവയ്ക്കു മേൽ തടിക്കഷണങ്ങൾ ചേർത്ത് വച്ചാണ് ഇരിപ്പ്.
മോശം പെരുമാറ്റം
ലാഭേച്ഛയില്ലാതെ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാർക്ക് സന്ദർശകരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നതും നിത്യസംഭവമാണ്. പ്രക്ഷുബ്ധമായിരിക്കുന്ന സമയത്ത് കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശിച്ചാൽ പലരും തട്ടിക്കയറും. മദ്യപിച്ച് ലക്കുകെട്ട് ബീച്ചിലെത്തുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് അസഭ്യവർഷവും ഇവർക്ക് നേരെയുണ്ടായിട്ടുണ്ട്.