തിരുവനന്തപുരം: മാലിന്യം റോഡിലേക്ക് ഒഴുകുന്നത് വഴിയാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.കുന്നുകുഴി അർ.സി.ജംഗ്ഷനിലെ ഓടയാണ് മാലിന്യം നിറഞ്ഞു റോഡിലേക്ക് ഒഴുകുന്നത്.രണ്ടു ആഴ്ചയിലേറെ തുടർച്ചയായി പെയ്ത മഴയെ തുടർന്നാണ് ഓടയിൽ മാലിന്യം നിറഞ്ഞത്. നിലവിൽ പ്രദേശത്ത് കൂടി മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതിയിലാണ് ജനങ്ങൾ.സമീപവാസികൾ പലതവണ നഗരസഭാ അധികൃതർക്ക് പരാതികൾ കൊടുത്തെങ്കിലും യാതൊരു നടപടിയുംഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു. മാലിന്യം മൂലം പരിസരത്ത് കൊതുക്, എലി എന്നിവയുടെ ശല്യം രൂക്ഷമാകുന്നു.
ഹോട്ടൽ മാലിന്യങ്ങളും മറ്റും ഉള്ളതിനാൽ ഭക്ഷണം തേടിവരുന്ന നായകളുടെ ഭീതിയിലാണ് സമീപവാസികൾ.കൂടാതെ പകർച്ചവ്യാധികളും രോഗങ്ങളും പിടിപെട്ടതായി പരാതിയുമുണ്ട്.അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ പരിഹാരം കണ്ടില്ലെങ്കിൽ, പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ചില സാമൂഹിക വിരുദ്ധരാണ് മാലിന്യ ഓടയിൽ നിക്ഷേപിക്കുന്നതെന്നും ഓട വൃത്തിയാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും കുന്നുകുഴി വാർഡ് കൗൺസിലർ ഐ. പി. ബിനു പറഞ്ഞു.