തിരുവനന്തപുരം:ദേവസ്വം ബോർഡ് ആസ്ഥാനത്തുള്ള പൈതൃക മന്ദിരമായ 'ഭവാനിത്തമ്പുരാട്ടി"കൊട്ടാരത്തെ ചൊല്ലിയും വെറുതേ ഒരു വിവാദം.കെട്ടിടം പൊളിച്ചുപണിയാൻ നീക്കമുള്ളതായാണ് ആദ്യം പ്രചാരണം ഉയർന്നത്. തൊട്ടു പിന്നാലെ ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ദേവസ്വംബോർഡ് അധികൃതരും രഗത്തെത്തി.
ദേവസ്വം കമ്മീഷണർ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്.ഇതിന്റെ മുകൾ നില പൊളിച്ച് ചീഫ് എൻജിനിയർ ഓഫീസ് നിർമിക്കാൻ പദ്ധതിയിട്ടതായാണ് വാർത്തകൾ വന്നത്.ബോർഡ് ആസ്ഥാനത്തെ പ്രധാന മന്ദിരങ്ങൾക്ക് പിറകിലുള്ള പഴയ കെട്ടിടത്തിലാണ് രണ്ട് ചീഫ് എൻജിനിയർമാരുടെയും ഓഫീസും സെക്ഷനും പ്രവർത്തിച്ചിരുന്നത്. ഇതിൽ ജനറൽ വിഭാഗം ചീഫ് എൻജിനിയറുടെ ഓഫീസാണ് ഭവാനിത്തമ്പുരാട്ടി കൊട്ടാരത്തിലേക്ക് മാറ്റിയത്.
ഇതേ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന ഹൈപവർ കമ്മിറ്റിയുടെ ഓഫീസ് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ദേവസ്വംബോർഡിന്റെ തന്നെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 300 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ കരാർ നൽകിയതായും പറയപ്പെടുന്നു.രാജകുടുംബത്തിലെ ഭവാനിത്തമ്പുരാട്ടിക്കായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചതാണ് ഈ കൊട്ടാരം.ദേവസ്വം ബോർഡിന്റെ പ്രവർത്തന ആവശ്യങ്ങൾക്കായി തിരുവിതാകൂർ രാജകുടുംബം ഭവാനിത്തമ്പുരാട്ടി കൊട്ടാരം വിട്ടുനൽകിയതാണ്. തിരുവല്ലം പരശുരാമ ക്ഷേത്രവും ആറ്റിങ്ങൽ വലിയ കോയിക്കൽ കൊട്ടാരവും ഇതോടൊപ്പം ബോർഡിന് വിട്ടു നൽകിയിട്ടുള്ളതാണ്.കെട്ടിടം പൊളിക്കാനുള്ള നീക്കം മുമ്പൊരിക്കൽ നടന്നിരുന്നു.എന്നാൽ ഇത് പൊളിക്കേണ്ടതില്ലെന്ന് 2009-ൽ എൻജിനിയറിംഗ് വിഭാഗം ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.
പൊളിക്കാൻ അധികാരമില്ല:
എ.പത്മകുമാർ ( ബോർഡ് പ്രസിഡന്റ് )
ബോർഡിന്റെ ആവശ്യങ്ങൾക്കായി മാത്രമാണ് ഭവാനിത്തമ്പുരാട്ടി കൊട്ടാരം തിരുവിതാംകൂർ രാജകുടുംബം വിട്ടു നൽകിയിട്ടുള്ളത്.ഇത് പൊളിക്കാനോ ഏതെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്താനോ ബോർഡിന് അവകാശമില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പ്രചാരണം തെറ്റ് :
കെ.പി. ശങ്കരദാസ് (ബോർഡ് അംഗം)
ദേവസ്വം ബോർഡ് ആസ്ഥാനത്തെ പൈതൃക മന്ദിരം പൊളിക്കാൻ നീക്കമുണ്ടെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അങ്ങനെ ചെയ്യാൻ ബോർഡിന് അധികാരമില്ല.മാത്രമല്ല ബോർഡിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ മാത്രമാണ് കെട്ടിടം കൈമാറിയിട്ടുള്ളത്.