തെലുങ്ക് മെഗാതാരം ചിരഞ്ജീവിയുടെ ഫാം ഹൗസിൽ തീപിടിത്തം. ഹൈദരാബാദ് നഗരാതിർത്തി കഴിഞ്ഞുള്ള ഫാം ഹൗസിൽ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. ചിരഞ്ജീവിയോടൊപ്പം അമിതാഭ് ബച്ചനും നയൻതാരയും തമന്നയും അഭിനയിക്കുന്ന സായി നരസിംഹറെഡ്ഢി എന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി ഫാം ഹൗസിൽ ഒരുക്കിയിരുന്ന സെറ്റ് തീപിടിത്തത്തിൽ ഭാഗികമായി നശിച്ചു.
ഗണ്ഡിപേട്ട് തടാകത്തിന് സമീപമുള്ള ഫാം ഹൗസിലുണ്ടായ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രീകരിക്കുന്ന ചരിത്ര സിനിമയായ സായി നരസിംഹറെഡ്ഢി നിർമ്മിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ യുവ സൂപ്പർതാരവുമായ രാം ചരൺ തേജയാണ്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആർ. രത്നവേലുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ശ്രീകർപ്രസാദ്.