ചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലിംഗം പെൺകുട്ടി അറുത്ത് മാറ്റി. 17 വയസുകാരിയായ ദളിത് പെൺകുട്ടിയാണ് ബലാത്സംഗം ചെയ്യാനെത്തിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവിന്റെ നില ഗുരുതരമാണ്. ഹരിയാനയിലായിരുന്നു സംഭവം.
വനത്തിൽ പോയ പെൺകുട്ടിയെ പിന്തുടർന്നെത്തിയ യുവാവ് പെൺകുട്ടിയെ കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 23കാരനായ റയീസ് എന്ന യുവാവാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ കത്തിയുടെ മുന്നിൽ ഭയപ്പെടാതെ പെൺകുട്ടി ഇയാളുടെ കൈയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങിയ ശേഷം ഇയാളുടെ ലിംഗം അറുത്തെടുക്കുകയായിരുന്നു.
റയീസിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവം സാമുദായിക പ്രശ്നമായി വളരാതിരിക്കാൻ സംഭവ സ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുകയാണ്.