rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാത്തിരിക്കുന്നത് കനത്ത തോൽവിയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. താൻ തോൽക്കുമെന്ന ഭയം മോദിയുടെ മുഖത്തുണ്ട്. ഭയത്തോടെയാണ് മോദി പ്രചാരണത്തിന് ഇറങ്ങുന്നത്. മോദി തകർത്ത ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ കോൺഗ്രസ് വിജയിക്കുമെന്നും പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. മോദിക്ക് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം രാജ്യത്തിന്റെ ശാന്തിയും സമാധാനവും നശിപ്പിച്ചതായും രാഹുൽ ആരോപിച്ചു. ഉത്തരേന്ത്യ അടക്കമുള്ള മണ്ഡലങ്ങളിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കാൻ ഇരിക്കെയാണ് രാഹുലിന്റെ പത്രസമ്മേളനമെന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന് പക്ഷപാതം

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി ജോലി ചെയ്യാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ, സുപ്രീം കോടതി, ആർ.ബി.ഐ, പ്ലാനിംഗ് കമ്മിഷൻ തുടങ്ങിയ ഏതെണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ തങ്ങളുടെ വരുതിയിലാക്കി. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവം പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. എന്നാൽ ഇതെല്ലാം ഇന്ത്യയിലെ ജനങ്ങൾ കാണുന്നുണ്ട്. ആർക്കെങ്ങിലും വഴങ്ങി ജോലി ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും രാഹുൽ ഓർമിപ്പിച്ചു.

കാവൽക്കാരൻ കള്ളൻ തന്നെ

റാഫേൽ കരാറിൽ 30,000 കോടി രൂപ തട്ടിയ കാവൽക്കാരൻ കള്ളൻ തന്നെയാണെന്നും രാഹുൽ ആവർത്തിച്ചു. കാവൽക്കാരൻ കള്ളനാണെന്നത് ഒരു സത്യമാണ്. ഇക്കാര്യത്തിൽ തനിക്കെതിരെ എന്ത് അന്വേഷണം നടത്തിയാലും എന്ത് നടപടിയെടുത്താലും പ്രശ്‌നമില്ല. എന്നാൽ അതേസമയം തന്നെ റാഫേൽ കരാറിലും അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല

ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി ഉപയോഗിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത് കേന്ദ്രസർക്കാരിന്റെ നേട്ടമെന്നാണ് കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ എഴുപത് വർഷമായി വളരെ നല്ല ട്രാക്ക് റെക്കാർഡുള്ളതാണ് ഇന്ത്യൻ സൈന്യം. യു.പി.എ സർക്കാരിന്റെ കാലത്തും സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാൽ ഇത് കോൺഗ്രസിന്റെ നേട്ടമായി ഉയർത്തിക്കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി തീവ്രവാദത്തോട് സന്ധി ചെയ്‌തു

ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച പാക് ഭീകരൻ മസൂദ് അസറിനെതിരെ കർശനമായ നടപടിയെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യൻ തടവിലായിരുന്ന മസൂദ് അസറിനെ തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങി വിട്ടയച്ചത് ആരാണെന്ന് ബി.ജെ.പി വ്യക്തമാക്കണം. തീവ്രവാദത്തോട് പലപ്പോഴും സന്ധിചെയ്‌തിട്ടുള്ളവരാണ് ബി.ജെ.പിക്കാർ. എന്നാൽ കോൺഗ്രസ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും രാഹുൽ ആവശ്യപ്പെട്ടു.

മോദിക്ക് പേടി

രാജ്യത്തെ പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും നേരിടാൻ മോദിക്ക് പേടിയാണെന്നും രാഹുൽ ആരോപിച്ചു. അധികാരത്തിലേറിയിട്ട് ഇതുവരെ ഒരു വാർത്താ സമ്മേളനം വിളിക്കാനോ തന്റെ വെല്ലുവിളി സ്വീകരിച്ച് സംവാദം നടത്താനോ മോദി തയ്യാറായിട്ടില്ല. തീവ്രവാദത്തെക്കുറിച്ച് മാത്രമല്ല, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളിലും സംവാദം നടത്താൻ മോദിയെ താൻ വീണ്ടും വെല്ലുവിളിക്കുകയാണ്. രാജ്യത്തിന് വേണ്ടി എന്ത് ചെയ്‌തുവെന്ന് മോദി വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.