കൊളംബോ: ശ്രീലങ്കൻ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഐസിസ് ഭീകരർ തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയതായി ലങ്കൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെത്തിയ ഭീകരർ കാശ്‌മീർ, കേരളം, ബംഗളൂരു എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയെന്ന് ലങ്കൻ സൈനിക മേധാവി ലഫ്.ജനറൽ മഹേഷ് സേനാനായകെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവർ എന്തിനാണ് കേരളത്തിൽ എത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ രഹസ്യ കേന്ദ്രങ്ങളിൽ പരിശീലനം നടത്തുന്നതിനോ അല്ലെങ്കിൽ ഇവിടെയുള്ള മറ്റ് തീവ്ര സ്വഭാവമുള്ള സംഘടനകളുമായി കൂടിയാലോചനകൾ നടത്തുന്നതിനോ വേണ്ടിയാണ് ഇവർ ഇന്ത്യയിലെത്തിയത് എന്നാണ് കരുതുന്നത്.
ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഒമ്പത് ചാവേറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ചതാണ് ഇത്രയും വലിയ ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. ഇക്കാര്യം സൈനിക മേധാവിയും സമ്മതിക്കുന്നുണ്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ രഹസ്യ വിവരം നൽകിയിരുന്നെങ്കിലും വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവ് വലിയ തിരിച്ചടിയായെന്നാണ് മഹേഷ് സേനാനായകയുടെ പക്ഷം. അതേസമയം, ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകളിൽ രണ്ട് പേരെങ്കിലും 2017ൽ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് സംബന്ധിച്ച് ശ്രീലങ്കയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇക്കാര്യം ശ്രീലങ്കൻ അന്വേഷണ ഏജൻസികൾ തന്നെ അന്വേഷിച്ച് തെറ്റാണെന്ന് ബോധ്യപ്പെട്ടതാണെന്നും പേര് വെളിപ്പെടുത്താത്ത വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
അതേസമയം, ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഐസിസ് ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു. ലങ്കൻ ഭീകരൻ സഹ്‌റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കർ എന്നയാളെ അന്വേഷണ സംഘം പിടികൂടുകയും ചെയ്‌തു.