ന്യൂഡൽഹി: റാഫേൽ കേസിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. റാഫേൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. യുദ്ധവിമാനങ്ങൾ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ കമ്പനിയിൽ നിന്ന് വാങ്ങിയതെന്നു കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച അപൂർണവും, മോഷ്ടിക്കപ്പെട്ടതുമായ രേഖകൾ പരിഗണിച്ച് കേസ് പുനപരിശോധിക്കേണ്ടതില്ല. 36 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങിയതിലൂടെ രാജ്യത്തിന് ഒരുവിധത്തുള്ള നഷ്ടവും ഇല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ സർക്കാരിന്റേതിനേക്കാൾ ചിലവ് കുറവാണ് എൻ.ഡി.എ സർക്കാരിന്റെ ഇടപാടുകളെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കാണിച്ചാണ് സർക്കാരിന്റെ പുതിയ സത്യവാങ്മൂലം.
റാഫേൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് മേയ് നാലുവരെ സമയം നൽകിയിരുന്നു. മേയ് ആറിനാണ് കേസ് ആറിന് പരിഗണിക്കുന്നത്. റാഫേലിൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് ഹർജി നൽകിയത്.
മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അതുവരെ ഹർജി പരിഗണിക്കുന്നത് നീട്ടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. തിരഞ്ഞെടുപ്പ് കഴിയും വരെ വാദം നീട്ടാനാണ് സർക്കാർ ശ്രമമെന്ന് അന്ന് വിമർശനമുയർന്നിരുന്നു.