കൊച്ചി : ഗതാഗതം ആരംഭിച്ച് മൂന്നു വർഷം തികയും മുമ്പേ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന ദേശീയപാതയിലെ പാലാരിവട്ടം മേല്പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ട് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. മേല്പാലം നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്ന് പാലം സന്ദർശിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിർമ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാൻ കാരണം. പാലത്തിന്റെ നിർമ്മാണച്ചുമതല വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷനും കൺസൾട്ടന്റായിരുന്ന കിറ്റ്കോയും ക്രമക്കേടിന് ഉത്തരവാദികളാണ്. കരാറുകാരെ സഹായിക്കാനും ശ്രമിച്ചു. രൂപരേഖ മുതൽ നിർമ്മാണം വരെ അപാകത സംഭവിച്ചു. അവ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ആവശ്യമാണ്.എന്നാൽ ഇത് രാഷ്ട്രീയ അന്വേഷണം ആയിരിക്കില്ല. ഇപ്പോൾ പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല, മറിച്ച് പാലം പുനസ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത നിർമാണത്തിൽ കേന്ദ്രസർക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണെന്നും മന്ത്രി ആരോപിച്ചു. കേന്ദ്രസർക്കാർ നിർമിച്ച് നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാലാരിവട്ടത്ത് ഉമ്മൻചാണ്ടി സർക്കാർ പാലം നിർമാണം ആരംഭിച്ചത്. ഇപ്പോൾ ദേശീയപാത നിർമാണത്തിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും കേന്ദ്രത്തിന് താത്പര്യമില്ല. ഇതുവരെയുള്ള നടപടികളെല്ലാം നിറുത്തിവയ്‌ക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നതെന്നും ഇത് തോന്നാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ദേശീയപാതയിലെ പാലാരിവട്ടം മേല്പാലത്തിന്റെ തകരാർ പരിഹരിക്കാൻ ആരംഭിച്ച പണികൾ രണ്ടു ദിവസം പിന്നിട്ടതോടെ നിർമ്മാണത്തിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമാകുകയാണ്. ഭരണ പക്ഷത്തെ സി.പി.എമ്മും സി.പി.ഐയുമുൾപ്പെടെ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വകുപ്പു മന്ത്രി തന്നെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ വൻ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ. അന്വേഷണം നടത്തിയാൽ പാലത്തിന്റെ ചുമതല വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ, കൺസൾട്ടന്റായിരുന്ന കിറ്റ്കോ, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിച്ചേക്കും. പാലത്തിന്റെ സ്പാനുകൾ യോജിപ്പിക്കാൻ സ്വീകരിച്ച് പൂർണമായും വിജയിക്കാതെപോയ സാങ്കേതികവിദ്യ ശുപാർശ ചെയ്തവരും കുടുങ്ങിയേക്കും. കരാറുകാരന് ഇത്തരം പദ്ധതികളിൽ മുൻപരിചയമില്ലെന്നത് ഉൾപ്പെടെ ആക്ഷേപങ്ങളും അന്വേഷണത്തിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചനകൾ.
# ഇടപ്പള്ളിയെക്കാൾ ചെലവ്
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച നിർമ്മാണം പൂർത്തിയാക്കി എൽ.ഡി.എഫ് സർക്കാരാണ് പാലം തുറന്നുകൊടുത്തത്. 62 കോടി രൂപയാണ് ചെലവാക്കിത്. സമീപത്തു തന്നെ ഇടപ്പള്ളി ജംഗ്ഷനിൽ പാലാരിവട്ടത്തെക്കാൾ വലിയ മേല്പാലം 39 കോടി രൂപ ചെലവിലാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നിർമ്മിച്ചത്. ചെലവിലെ വലിയ അന്തരവും വിവാദമായിട്ടുണ്ട്.
# ചെലവ് സംസ്ഥാന സർക്കാരിന്റേത്
ദേശീയപാത അതോറിറ്റിയുടെ സ്ഥലത്ത് സംസ്ഥാന സർക്കാരാണ് മേല്പാലം നിർമ്മിച്ചത്. വൈറ്റിലയിൽ മേല്പാലം പണിയുന്നതിനാൽ രണ്ടു കിലോമീറ്റർ സമീപത്ത് മറ്റൊരു മേല്പാലം പണിയാൻ അതോറിറ്റി താല്പര്യം കാട്ടിയിരുന്നില്ല. അതോറിറ്റി പണിയുന്ന പാലങ്ങളിൽ ടോൾ പിരിക്കും. ടോളിനെതിരെ പ്രതിഷേധം വരുമെന്ന് ഉറപ്പായതിനാലാണ് അതോറിറ്റി താല്പര്യം പ്രകടിപ്പിക്കാതിരുന്നത്.
സംസ്ഥാന സർക്കാർ പാലം നിർമ്മാണത്തിന്റെ ചെലവ് വഹിക്കാൻ തയ്യാറായതോടെ ദേശീയപാത അധികൃതർ സമ്മതപത്രം നൽകി. തുടർന്നാണ് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ നിർമ്മാണച്ചുമതല ഏറ്റെടുത്തത്. കൊച്ചിയിലെ ആർ.ഡി.എസ് പ്രോജക്ട്സ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്. പാലത്തിന് സംഭവിക്കുന്ന കേടുപാടുകൾ സ്വന്തം ചെലവിൽ ചെയ്യാമെന്ന വ്യവസ്ഥയിലായിരുന്നു നിർമ്മാണം. നിർമ്മാണത്തിൽ തകരാർ കണ്ടെത്തിയതിനാൽ അഞ്ചു കോടിയോളം രൂപയുടെ ബില്ല് ഇതുവരെയും മാറിനൽകിയിട്ടില്ല.
പുനസ്ഥാപിക്കുന്നത് മദ്രാസ് ഐ.ടി.ഐയിലെ വിദഗ്‌ദ്ധന്റെ നേതൃത്വത്തിൽ
ദേശീയപാതയിൽ ഇടപ്പള്ളി - അരൂർ ബൈപ്പാസിൽ പാലാരിവട്ടം മേല്പാലത്തിലെ ടാറിംഗ് പൂർണമായി നീക്കം ചെയ്തു. അര ഡസൻ യന്ത്രങ്ങളുപയോഗിച്ചാണ് നവീകരണത്തിന്റെ ഭാഗമായി ടാർ നീക്കം ചെയ്തത്. പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെ മേല്പാലത്തിൽ ആറിടത്ത് ചെറിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. മേല്പാലത്തിന്റെ ഉറപ്പിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറ്റകുറ്രപ്പണികൾ .30 നകം തീർക്കാനാണ് പദ്ധതി. മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തനങ്ങൾ.
തിങ്കളാഴ്ചയോടെ ടാറിംഗ് ജോലികൾ പൂർത്തിയാകുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. തെന്നി മാറിയിരിക്കുന്ന എക്സ്പാംഗ്ഷൻ ജോയിന്റുകൾ ഇളക്കിമാറ്റി പുതിയ സ്പാനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും യു.കെ സാങ്കേതികവിദ്യയായ ഡെക്ക് കൺടിന്യൂയിറ്റി ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. ജോയിന്റുകളിൽ പലയിടത്തും 10 സെന്റിമീറ്ററോളം വരെ വീതിയിൽ വിള്ളലുകളുണ്ട് . പരമ്പരാഗതമായി ഉപയോഗിക്കുന്ന സ്ട്രിപ്പ് സ്റ്റീൽ ജോയിന്റ് വിദ്യയായിരിക്കും ഇനി ഉപയോഗപ്പെടുത്തുക
മേൽപ്പാലത്തിന്റെ വടക്കുഭാഗത്തെ താണുപോയ സ്ളാബുകൾ മാറ്റി പുതിയത് സ്ഥാപിച്ച് മേൽപ്പാലം ബലപ്പെടുത്തും. ഈ ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്ത് അടിത്തറ ബലപ്പെടുത്തി റോഡ് ആരംഭിക്കുന്ന ഭാഗത്തുനിന്ന് 10 മീറ്റർ അകലെ പില്ലറുകൾ തീർക്കും. തുടർന്ന് മണ്ണിട്ട് നികത്തിയാണ് പുതിയ സ്ളാബുകൾ സ്ഥാപിക്കുക.
2016 ഒക്ടോബർ 16 നാണ് മേല്പാലം ഉദ്ഘാടനം ചെയ്തത്. നിർമ്മാണം നടത്തിയ ആർ.ഡി.എസ് കമ്പനിയാണ് അറ്റകുറ്റപ്പണിയും നടത്തുന്നത്.
സർവീസ് റോഡിലൂടെയാണിപ്പോൾ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത് . പാലാരിവട്ടം മേല്പാലം അടയ്ക്കുകയും വെെറ്റില, കുണ്ടന്നൂർ ഫ്ളെെഓവർ നിർമ്മാണവും കാരണം ഇടപ്പള്ളി - അരൂർ ബെെപ്പാസ് പിന്നിടാൻ മണിക്കൂറുകളാണ് എടുക്കുന്നത്. ബെെപ്പാസിനൊപ്പം കാക്കനാട്, പാലാരിവട്ടം റോഡിലും ഇടറോഡുകളിലും വരും ദിവസങ്ങളിൽ ഗതാഗതം കുരുക്ക് മുറുകുമെന്നാണ് ആശങ്ക.