കോട്ടയം: വീട്ട്മുറ്റത്തും, ടെറസിലും കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ കേട്ട മറുപടി കേട്ട് എക്സൈസ് ഞെട്ടി. ഇടുക്കിയിലും തമിഴ്നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാൻ വയ്യാത്തതിനാലാണ് യുവാക്കൾ വീട്ടിൽ കൃഷി തുടങ്ങിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
കടുത്തുരുത്തിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അലങ്കാര ചെടികൾക്കൊപ്പം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചില വീടുകളുടെ ടെറസിനു മുകളിൽ യുവാക്കൾ കൂട്ടം കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
ഇടുക്കിയിലും തമിഴ്നാട്ടിലും ഇടയ്ക്കിടെ പോയി കഞ്ചാവ് വാങ്ങാൻ മടിയായതിനാലാണ് വീട്ടിൽ കൃഷി തുടങ്ങിയത് എന്നായിരുന്നു ഒരു യുവാവ് പൊലീസിനോട് പറഞ്ഞത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ജില്ലയിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു സംഘം യുവാക്കളാണ് കഞ്ചാവ് വളർത്തൽ പരീക്ഷണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വീടിന്റെ ടെറസിലും മുറ്റത്തുമായാണ് ഇവർ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.
മുളക്കുളം പെരുവയിൽ യുവാവ് വീട്ടുമുറ്റത്ത് വളർത്തിയിരുന്ന 33 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടി കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കടുത്തുരുത്തി പെരുവയിൽ വീട്ടുമുറ്റത്ത് വളമിട്ട്, നട്ടുനനച്ചാണ് യുവാവ് കഞ്ചാവ് തോട്ടം വളർത്തിയെടുത്തത്. 33 കഞ്ചാവ് ചെടികളാണ് മാത്യൂസ് വീട്ടുമുറ്റത്ത് വളർത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു.
രണ്ടു മാസം വളർച്ച എത്തിയ 20 സെന്റീമീറ്ററിൽ അധികം ഉയരമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇതിന്റെ വിത്തെടുത്താണ് ഇയാൾ ചെടികൾ നട്ടുവളർത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാൽ ഉപയോഗത്തിന് പാകമാവുന്ന കഞ്ചാവ് ചെടികളാണിവ. അതേസമയം, മുറ്റത്ത് കൃഷി ചെയ്ത് വളർത്തുന്നത് കഞ്ചാവ് ചെടികളാണെന്ന് വീട്ടുകാർക്ക് പോലും അറിവില്ലായിരുന്നു. കഞ്ചാവ് ചെടികൾക്ക് വളമിട്ട് നനയ്ക്കുന്നതിനിടെ എക്സൈസ് സംഘം തന്ത്രപൂർവമാണ് മാത്യൂസിനെ കുടുക്കിയത്. ഇയാൾ മുൻപും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യാഗസ്ഥർ വ്യക്തമാക്കി.